കൊളംബോ: അടുത്ത മാസം അവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരങ്ങളുടെ വേദി സംബന്ധിച്ച് ഇരു ക്രിക്കറ്റ് ബോര്‍ഡുകളും ധാരണയിലെത്തി. ലീഗ് ഘട്ടത്തില്‍ രണ്ട് തവണയാണ് ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ മത്സരിക്കുന്നത്.
ഹൈബ്രിഡ് മോഡലില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ ശ്രീലങ്കയിലെ ധാംബുള്ളയിലായിരിക്കും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടം നടക്കുക.ഇരു ടീമുകളും ഫൈനലില്‍ എത്തിയാല്‍ മൂന്നാം തവണയും ധാംബുള്ളയില്‍ തന്നെ മത്സരം നടക്കും.
ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടക്കുന്ന ഐസിസി യോഗത്തിന് മുന്നോടിയായി ബിസിസിഐ സെക്രട്ടറി ജയ് ഷായും പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ സാക്ക അഷ്‌റഫും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് മത്സരങ്ങളുടെ വേദികളില്‍ അന്തിമതീരുമാനമായത്.
ഹൈബ്രിഡ് മോഡലില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ നാലു മത്സരങ്ങള്‍ മാത്രമാണ് പാക്കിസ്ഥാനില്‍ നടക്കുക. ശേഷിക്കുന്ന ഒമ്പത് മത്സരങ്ങള്‍ ശ്രീലങ്കയിലും. പാക്കിസ്ഥാന് നേപ്പാളിനെതിരെ ഒരു ഹോം മത്സരം മാത്രമെ നാട്ടില്‍ കളിക്കാനാകു. അഫ്ഗാനിസ്ഥാന്‍-ബംഗ്ലാദേശ്, ബംഗ്ലാദേശ്-ശ്രീലങ്ക, ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍ മത്സരങ്ങളാണ് ഇതിന് പുറമെ പാക്കിസ്ഥാനില്‍ നടക്കുക.
ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17വരെയാണ് ഏഷ്യാ കപ്പ്. ഏഷ്യാ കപ്പിന്റെ ഔദ്യോഗിക മത്സരക്രമം വെള്ളിയാഴ്ച പുറത്തുവിടുമെന്നാണ് വിവരം. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്.