ലണ്ടന്‍: മത്സരത്തിന്റെ സമ്മര്‍ദ ഘട്ടങ്ങളില്‍ ബെന്‍ സ്റ്റോക്‌സിന്റെ ബാറ്റിങ് കാണുമ്പോള്‍ എം.എസ്.ധോണിയെ ഓര്‍മ്മവരും എന്നു പറഞ്ഞ മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന്റെ വാക്കുകള്‍ ശരിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു ഇംഗ്ലിഷ് നായകന്‍ ബെന്‍ സ്റ്റോക്‌സ്.
ആഷസ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ വിജയത്തിനായി ഇംഗ്ലിഷ് ബാറ്റര്‍മാര്‍ വിയര്‍ത്തപ്പോള്‍ ഒരറ്റത്ത് ഉറച്ചുനിന്ന് ക്യാപ്റ്റന് ബെന്‍ സ്റ്റോക്‌സ് നേടിയ അര്‍ധ സെഞ്ചറിയാണ് (80) ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 237ല്‍ എത്തിച്ചത്. ഓസ്‌ട്രേലിയയുടെ 263 റണ്‍സ് ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഒരുഘട്ടത്തില്‍ 7ന് 142 എന്ന നിലയിലായിരുന്നു.
ഓസീസ് പേസര്‍മാരുടെ മുന്നില്‍ ഇംഗ്ലിഷ് ബാറ്റിങ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് ലീഡ് 100 കടക്കുമെന്ന് വിചാരിച്ചു. എന്നാല്‍ വാലറ്റക്കാരെ കൂട്ടുപിടിച്ച് സ്റ്റോക്‌സ് നടത്തിയ ചെറുത്തുനില്‍പ് ഇംഗ്ലിഷ് ടോട്ടല്‍ 237ല്‍ എത്തിച്ചു. ഓസ്‌ട്രേലിയയ്ക്ക് 26 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ്.
91 റണ്‍സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമിന്‍സാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിനെ കശാപ്പുചെയ്യാന്‍ മുന്നില്‍ നിന്നത്. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 4ന് 116 എന്ന നിലയിലാണ് ഓസീസ്. ട്രാവിസ് ഹെഡും (18) മിച്ചല്‍ മാര്‍ഷുമാണ് (17) ക്രീസില്‍. ഓസീസിന് ഇപ്പോള്‍ 142 റണ്‍സ് ലീഡുണ്ട്.