കൊല്‍ക്കത്ത: അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് ദ്വിദിന സന്ദര്‍ശനത്തിനായി കൊല്‍ക്കത്തയില്‍ എത്തി. പ്രിയതാരത്തെ സ്വീകരിക്കാന്‍ നൂറുകണക്കിന് ആരാധകരാണ് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയത്.
മോഹന്‍ ബഗാന്‍ സെക്രട്ടറി ദേബാശിഷ് ദത്ത എമി മാര്‍ട്ടിനസിനെ സ്വീകരിച്ചു. ഇന്ത്യയിലേക്ക് വരുകയെന്നത് തന്റെ സ്വപ്നം ആയിരുന്നുവെന്നും കൊല്‍ക്കത്തയിലെ ആരാധകരെ നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും എമി മാര്‍ട്ടിനസ് പറഞ്ഞു.
ഇന്നും നാളെയും എമി മാര്‍ട്ടിനസ് കൊല്‍ക്കത്തയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. കൊല്‍ക്കത്ത പൊലീസ് ഫ്രന്‍ഡ്ഷിപ്പ് കപ്പ് ഫുട്‌ബോള്‍ മത്സരം താരം ഉദ്ഘാടനം ചെയ്യും.
ഫ്രന്‍ഡ്ഷിപ്പ് കപ്പില്‍ കൊല്‍ക്കത്ത പൊലീസിലെയും മോഹന്‍ ബഗാന്റെയും വെറ്ററന്‍ താരങ്ങളാണ് ഏറ്റുമുട്ടുക.മോഹന്‍ ബഗാന്റെ മൈതാനത്താണ് മത്സരം.
ഇന്നലെ ബംഗ്ലാദേശില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്താണ് എമി മാര്‍ട്ടിനസ് കൊല്‍ക്കത്തയിലെത്തിയത്. സന്ദര്‍ശനത്തിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയേയും കാണും.
മാര്‍ട്ടിനസിന്റെ ഈ സേവുകളാണ് ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ചാംപ്യന്‍മാരാക്കിയത്. ലോകകപ്പിലെ മികച്ച ഗോളിക്കുള്ള ഗോള്‍ഡണ്‍ ഗ്ലൗ പുരസ്‌കാരം നേടിയ എമി മാര്‍ട്ടിനസ് ഫിഫ ദി ബെസ്റ്റ് ഗോള്‍കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു.
കോപ്പ അമേരിക്കയിലും അര്‍ജന്റൈന്‍ കിരീടധാരണത്തില്‍ എമിലിയാനോയുടെ സേവുകള്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.