ഹാങ്ചോ: ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സിൽ ഇന്ത്യൻ ടീമിന്റെ പ്രകടനം മോശമാക്കാൻ ചൈനീസ് ഒഫിഷ്യൽസ് ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി ഒളിംപ്യൻ അഞ്ജു ബോബി ജോർജ് . പുരുഷ ജാവലിൻത്രോയിൽ നീരജ് ചോപ്രയുടെ ത്രോ അളക്കാത്തതിൽ ദുരൂഹതയുണ്ട്.
അതുവരെയുണ്ടാകാത്ത സാങ്കേതികപ്പിഴവ് അപ്പോൾ ഉണ്ടായത് എങ്ങനെയെന്ന് അറിയില്ല. കിഷോർ കുമാർ ജനയുടെ പ്രകടനത്തിനിടെ വ്യാജ ഫൗൾ വിളിക്കാനും ശ്രമമുണ്ടായി. കഴിഞ്ഞ ദിവസം വനിതാ 100 മീറ്റർ ഹർഡിൽസ് ഫൈനലിനിടെ അനാവശ്യമായ ഫൗൾ സ്റ്റാർട്ട് വിവാദം ഉണ്ടാക്കി ജ്യോതി യാരാജിയെ മാനസികമായി തകർക്കാൻ ശ്രമിച്ചു. പുരുഷ ലോങ്ജംപ് ഫൈനലിനിടെ മലയാളി താരം എം.ശ്രീശങ്കറിന്റെ ദൂരം അളന്നതിലും ക്രമക്കേടുണ്ടായി– ഇന്ത്യൻ അത്‌ലറ്റിക്സ് ടീം മാനേജരായ അഞ്ജു പറഞ്ഞു.
താരങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇടപെടലുകൾ ഒഫിഷ്യലുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല. ഇത് ഒളിംപിക്സ് ചാപ്റ്ററിന്റെ ലംഘനമാണ്. ഈ ഒഫിഷ്യലുകൾക്കെതിരെ രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്ക് പരാതി നൽകും. ഇന്ത്യ തുടർച്ചയായി മെഡൽ നേടുന്നത് ചൈനയെ അസ്വസ്ഥപ്പെടുത്തുന്നുണ്ടാകാമെന്നും അഞ്ജു പറഞ്ഞു.