മുംബൈ: ശ്രീലങ്കൻ താരം ഏയ്ഞ്ചലോ മാത്യൂസിന്റെ ടൈംഡ് ഔട്ടിനെ കുറിച്ചാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ച. ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് ചെയ്തത് ക്രിക്കറ്റിൻറെ മാന്യതക്ക് നിരക്കുന്നതല്ലെന്നാണ് ഒരു പക്ഷത്തിന്റെ വാദം മറുവശത്ത് അദ്ദേഹത്തെ ന്യായികരിച്ചും ആരാധകർ ഒപ്പമുണ്ട്. അതെന്തായാലും 148 വർഷത്തെ ക്രിക്കറ്റ് ചരിത്രത്തിൽ ടൈംഡ് ഔട്ടാവുന്ന ആദ്യ ബാറ്ററെന്ന നാണക്കേട് എന്തായാലും ഏയ്ഞ്ചലോ മാത്യൂസിൻറെ പേരിലായി.
എന്നാൽ ഈ റെക്കോർഡ് ആദ്യം തലയിലാകേണ്ടിയിരുന്നത് ഇന്ത്യയുടെ മുൻ നായകൻ സൗരവ് ഗാംഗുലിക്കായിരുന്നു. 2007 ൽ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക കേപ്‌ടൗൺ ടെസ്റ്റിലായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്. ടെസ്റ്റിൻറെ നാലാം ദിനം രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് ഓപ്പണർമാരായ വീരേന്ദർ സെവാഗിനെയും വസീം ജാഫറിനെയും അതിവേഗം നഷ്ടമായി.
നാലാമതായി ബാറ്റിംഗിന് ഇറങ്ങേണ്ടിയിരുന്നത് സച്ചിൻ ടെൻഡുൽക്കറായിരുന്നു. എന്നാൽ സച്ചിൻ ഇറങ്ങാനൊരുങ്ങവെ നാലാം അമ്പയർ ഇടപെട്ടു. തലേദിവസം സച്ചിൻ 12 മിനിറ്റോളം ഗ്രൗണ്ടിൽ നിന്ന് വിട്ടു നിന്നതിനാൽ നാലാം ദിനം അത്രയും സമയം കഴിഞ്ഞെ ഫീൽഡിൽ ഇറങ്ങാനാവു എന്ന് അമ്പയർ പറഞ്ഞു.
ഇതോടെ സച്ചിന് പകരം ഇറങ്ങേണ്ടിയിരുന്നത് അടുത്ത ബാറ്ററായിരുന്ന വിവിഎസ് ലക്ഷ്മൺ ആയിരുന്നെങ്കിലും ഈ സമയം ലക്ഷ്മൺ ബാത്‌റൂമിൽ കുളിക്കുകയായിരുന്നു. ഇതോടെ ആറാമനായി ക്രീസിലെത്തേണ്ട സൗരവ് ഗാംഗുലി നാലാം നമ്പറിൽ ഇറങ്ങാൻ നിർബന്ധിതനായി.
എന്നാൽ ഗാംഗുലി പാഡൊക്കെ ധരിച്ച് ഇറങ്ങിയപ്പോഴേക്കും ആറ് മിനിറ്റിലധികം എടുത്തു. ഐസി സി നിയമപ്രകാരം ടെസ്റ്റിൽ ബാറ്റർ ക്രീസിലെത്താൻ മൂന്ന് മിനിറ്റിൽ കൂടുതൽ സമയമെടുത്താൽ ടൈംഡ് ഔട്ടിന് അപ്പീൽ ചെയ്യാമെങ്കിലും ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്ത് അപ്പീൽ ചെയ്തില്ല. അങ്ങനെ ടൈംഡ് ഔട്ടിലൂടെ പുറത്താവുന്ന ആദ്യ കളിക്കാരനെന്ന നാണക്കേടിൽ നിന്ന് ഗാംഗുലി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.