ചെന്നൈ: ഏകദിന ലോകകപ്പ് മത്സരത്തിൽ ന്യൂസിസീലന്‍ഡിനെതിരെ ടോസ് നേടിയ അഫ്ഗാനിസ്താന്‍ ബൗളിംഗ് തിരഞ്ഞെടുത്തു.
നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ കീഴടക്കിയ ആവേശത്തിലാണ് അഫ്ഗാന്‍.
മറുവശത്ത് തുടര്‍ച്ചയായ നാലാം ജയമാണ് കിവീസ് ലക്ഷ്യമിടുന്നത്. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ടീമില്‍ മാറ്റങ്ങളില്ലാതെ അഫ്ഗാന്‍ ഇറങ്ങുമ്പോള്‍ കിവീസ് ടീമില്‍ പരിക്കേറ്റ കെയ്ന്‍ വില്യംസണ് പകരം വില്‍ യങ് തിരിച്ചെത്തി.
ചെപ്പോക്കില്‍ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ അഫ്ഗാനിസ്താന്റെ സ്പിന്‍ ത്രയത്തെ അതിജീവിക്കുകയെന്നതാണ് കിവീസിനുമുന്നിലെ വെല്ലുവിളി. റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബ് റഹ്‌മാന്‍ എന്നിവരുള്‍പ്പെടുന്ന സ്പിന്‍നിര അപകടകരവുമാണ്. ബാറ്റിങ്ങില്‍ റഹ്‌മത്തുള്ള ഗുര്‍ബാസ്, നായകന്‍ ഹഷ്മത്തുള്ള ഷാഹിദി, ഇബ്രാഹിം സദ്രാന്‍ എന്നിവരുടെ ഫോമും നിര്‍ണായകമാണ്.
ആദ്യ മൂന്നു കളികളിലും ആധികാരികജയം നേടിയ ന്യൂസീലന്‍ഡ് ആത്മവിശ്വാസത്തിലാണ്. ഓപ്പണര്‍മാരായ വില്‍ യങ്ങും ഡെവണ്‍ കോണ്‍വെയും ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയും ഫോമിലാണ്. രചിനും മിച്ചല്‍ സാന്റ്നറും ഉള്‍പ്പെട്ട സ്പിന്‍ വിഭാഗവും എതിരാളികള്‍ക്ക് ഭീഷണിയാകും.