ലക്‌നൗ: ഏകദിന ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി. വിജയത്തോടെ ഏഴു മത്സരങ്ങളില്‍ നിന്ന് നാലു ജയവുമായി പാക്കിസ്ഥാനെ മറികടന്ന് അഫ്ഗാനിസ്ഥാന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. മാത്രമല്ല, സെമിപ്രതീക്ഷ സജീവമായി നിലനിര്‍ത്തുകയും ചെയ്തു. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചാല്‍ അഫ്ഗാന് സെമിയിലെത്താം.
ഏഴു മത്സരങ്ങളില്‍ അഞ്ചും തോറ്റ നെതര്‍ലന്‍ഡ്‌സ് ലോകകപ്പില്‍ നിന്ന് ഏതാണ്ട് പുറത്തായി.
നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം 31.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് അഫ്ഗാനിസ്ഥാന്‍ മറികടന്നത്.
അര്‍ധസെഞ്ചറി നേടിയ റഹ്‌മത് ഷാ (54 പന്തില്‍ 52), ക്യാപ്റ്റന്‍ ഹഷ്മത്തുല്ല ഷഹീദി (64 പന്തില്‍ 56*), അസ്മത്തുല്ല ഒമര്‍സായി (28 പന്തില്‍ 31*) എന്നിവരുടെ ബാറ്റിങ്ങാണ് അഫ്ഗാന് ജയം സമ്മാനിച്ചത്.
ഓപ്പണര്‍മാരായ റഹ്‌മാനുല്ല ഗുര്‍ബാസ് 10 റണ്‍സും ഇബ്രാഹിം സദ്രാന്‍ 20 റണ്‍സെടുത്തും പുറത്തായി. മൂന്നാം വിക്കറ്റില്‍ റഹ്‌മത് ഷായും ഹഷ്മത്തുല്ല ഷഹീദിയും ചേര്‍ന്ന് 74 റണ്‍സെടുത്തു. നെതര്‍ലന്‍ഡ്‌സിനായി ലോഗന്‍ വാന്‍ ബീക്, റോളഫ് വാന്‍ഡര്‍ മെര്‍വ്, , സകിബ് സുല്‍ഫികര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ നെതര്‍ലന്‍ഡ്‌സ് 46.3 ഓവറില്‍ 179 റണ്‍സിന് ഓള്‍ ഔട്ടാകുകായിരുന്നു. 86 പന്തുകളില്‍നിന്ന് 58 റണ്‍സെടുത്ത സൈബ്രാന്‍ഡ് എങ്കല്‍ബെച്ചാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍.