ഇന്ത്യയുടെ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിനു ഇന്ത്യൻ ലോകകപ്പ് ടീമിൽ സ്ഥാനം കിട്ടാതെ തുടരുകയാണ്.കഴിഞ്ഞ കുറച്ച് വർഷങ്ങളായി 'വൈറ്റ്-ബോൾ' ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം നടത്തുന്നവരിൽ ഒരാളാണ് ചാഹൽ. 2016-ൽ അദ്ദേഹത്തിന്റെ അരങ്ങേറ്റം മുതൽ ഇന്ത്യക്കായി ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന മൂന്നാമത്തെ താരമാണ് ചാഹൽ.
സ്പിന്നർമാരുടെ പട്ടികയിൽ കുൽദീപ് യാദവിന് തൊട്ടു പിന്നിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. എന്നിട്ടും, സ്പിന്നർക്ക് മൂന്ന് ലോകകപ്പുകളിൽ ഇന്ത്യക്കായി കളിയ്ക്കാൻ കഴിഞ്ഞില്ല. 2021, 2022 ലെ ടി20 ലോകകപ്പുകൾ, അതുപോലെ 2023 ഏകദിന ലോകകപ്പ്. 2022 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു കളി പോലും ചാഹലിന് കളിക്കാനായില്ല.
“15 കളിക്കാർക്ക് മാത്രമേ കളിക്കാൻ കഴിയൂ എന്ന് ഞാൻ മനസ്സിലാക്കുന്നു, കാരണം ഇത് ഒരു ലോകകപ്പാണ്, അവിടെ നിങ്ങൾക്ക് 17 അല്ലെങ്കിൽ 18 പേരെ എടുക്കാൻ കഴിയില്ല,” ചാഹൽ പറഞ്ഞു. "എനിക്ക് കുറച്ച് വിഷമമുണ്ട് , പക്ഷേ എന്റെ ജീവിതത്തിലെ മുദ്രാവാക്യം മുന്നോട്ട് പോകുക എന്നാണ്. എനിക്കിതിപ്പോൾ ശീലമായി. മാനേജ്‌മെന്റിന്റെ തീരുമാനം അംഗീകരിക്കുന്നു എന്നും ചാഹൽ വ്യക്തമാക്കി.
"ഇന്ത്യൻ ടീമിലെ മറ്റ് സ്പിന്നർമാരുമായി മത്സരിക്കുന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല, കാരണം മികച്ച പ്രകടനം നടത്തിയാൽ ഞാൻ കളിക്കുമെന്ന് എനിക്കറിയാം," അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പിന്നർമാരിൽ അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവരെയാണ് ഇന്ത്യ ആദ്യം ടീമിൽ ഉൾപ്പെടുത്തിയത്. അക്‌സറിന് പരിക്കേറ്റതിനാൽ, രവിചന്ദ്രൻ അശ്വിനെ പകരക്കാരനായി തിരഞ്ഞെടുത്തു, എന്നിട്ടും ചാഹലിനെ ടീമിൽ എടുത്തില്ല.പക്ഷേ ഇന്ത്യ ലോകകപ്പ് നേടണം എന്ന് മാത്രമാണ് ചാഹലിന് ലക്ഷ്യം.
"ഞാൻ ടീമിന്റെ ഭാഗമാണെങ്കിലും അല്ലെങ്കിലും, അവർ എന്റെ സഹോദരങ്ങളെപ്പോലെയാണ്.എനിക്ക് വെല്ലിവിളികൾ ഇഷ്ടമാണ്.വീണ്ടും തിരിച്ച വരാനുള്ള ഊർജം കൂടിയാണത്," അദ്ദേഹം പറഞ്ഞു.