ന്യൂഡല്‍ഹി: രാജ്യത്തിന്റെ പേര് 'ഇന്ത്യ' എന്നത് മാറ്റി 'ഭാരത്' എന്നാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇതിനെ അനുകൂലിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്.
ജി 20 ഉച്ചകോടിക്കിടെ രാഷ്ട്രപതി നല്‍കുന്ന അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിനു പകരം, പ്രസിഡന്റ് ഓഫ് ഭാരത് എന്നു മാറ്റിയതാണ് അഭ്യൂഹത്തിന് ഇടയാക്കിയത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചതോടെയാണ് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. ഇതിനെ പിന്നാലെയാണ് രാജ്യത്തിന്റെ യഥാര്‍ഥ പേര് തിരികെ സ്ഥാപിക്കണമെന്ന് സെവാഗ് എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
താന്‍ ഇക്കാര്യം മുന്‍പും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. ലോകകപ്പിനുള്ള ഇന്ത്യന്‍ താരങ്ങളുടെ ജേഴ്സിയില്‍ ഇന്ത്യ എന്നതിനു പകരം ഭാരത് എന്നായിരിക്കണമെന്നു താരം ബിസിസിഐ, സെക്രട്ടറി ജയ് ഷാ എന്നിവരോട് അഭ്യര്‍ഥിച്ചു.
'രാജ്യത്തിന്റെ പേര് നമ്മുടെ ഉള്ളില്‍ അഭിമാനമായി നിറയേണ്ട ഒന്നായിരിക്കണം. നമ്മള്‍ ഭാരതീയരാണ്. ഇന്ത്യ എന്നത് ബ്രിട്ടീഷുകാര്‍ നല്‍കിയ പേരാണ്. നമ്മുടെ രാജ്യത്തിന്റെ പേര് ഭാരത് എന്നത് ഔദ്യോഗികമാകണമെന്നു ഞാന്‍ ഏറെ നാളായി അഭ്യര്‍ഥിക്കുന്ന കാര്യമാണ്.
ഈ ലോകകപ്പില്‍ നമ്മുടെ താരങ്ങളുടെ നെഞ്ചില്‍ ഭാരത് എന്നു എഴുതിയിട്ടുണ്ടെന്നു ഉറപ്പാക്കണമെന്നു ഞാന്‍ ബിസിസിഐ, ജയ് ഷാ എന്നിവരോട് അഭ്യര്‍ഥിക്കുന്നു'- സെവാഗ് വ്യക്തമാക്കി.