ഡിസംബർ 10ന് ഡർബനിൽ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ വിരാട് കോഹ്ലി കളിച്ചേക്കില്ല. ഇടവേള എടുക്കാനുള്ള തന്റെ തീരുമാനം കോഹ്‌ലി ബിസിസിഐയെ അറിയിച്ചു. വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്ന് ഒരു ഇടവേള ആവശ്യമാണെന്ന് കോഹ്‌ലി ബിസിസിഐയേയും സെലക്ടർമാരെയും അറിയിച്ചിട്ടുണ്ടെന്ന് ബിസിസിഐ വൃത്തങ്ങളാണ് അറിയിച്ചത്.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യ മൂന്ന് ടി20യും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് കളിക്കുന്നത്. ഇതിൽ ആദ്യം നടക്കുന്ന ടി20, ഏകദിന മത്സരങ്ങളിൽ കോഹ്ലി കളിച്ചേക്കില്ല എന്നാണ് വിവരം.
എന്നാൽ, ടെസ്റ്റ് മത്സരങ്ങളിൽ കോഹ്‌ലിയെ കളിപ്പിക്കാൻ ബിസിസിഐ ഒരുങ്ങുകയാണെന്നും റിപ്പോർട്ട് ഉണ്ട്.
"ഇനി എപ്പോഴാണ് വൈറ്റ് ബോൾ ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നത് എന്ന് കോഹ്ലി ബോർഡിനെ അറിയിക്കും. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുമെന്ന് അദ്ദേഹം ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. അതായത് ദക്ഷിണാഫ്രിക്കയിലെ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള സെലക്ഷനിൽ അദ്ദേഹം ഉണ്ടാകും.” ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു. മുൻ ഇന്ത്യൻ ഓൾറൗണ്ടർ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ദേശീയ സെലക്ഷൻ കമ്മിറ്റി മൂന്ന് ഫോർമാറ്റുകൾക്കുമുള്ള ഇന്ത്യൻ ടീമിനെ വരും ദിവസങ്ങളിൽ തിരഞ്ഞെടുക്കും. ആദ്യ ബോക്‌സിംഗ് ഡേ ടെസ്റ്റ് മാച്ച് സെഞ്ചൂറിയനിലും രണ്ടാം ടെസ്റ്റ് കേപ്ടൗണിലുമാണ് നടക്കുന്നത്.
കഴിഞ്ഞ വർഷം ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം കോഹ്‌ലി ഒരു ഇടവേള എടുത്തിരുന്നു. വെസ്റ്റ് ഇൻഡീസിലും സിംബാബ്‌വേയിലും നടന്ന രണ്ട് പരിമിത ഓവർ പരമ്പരകളിൽ നിന്നാണ് കോഹ്ലി ഇടവേളയെടുത്തത്. തിരിച്ചുവരവിൽ അമ്പരപ്പിക്കുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഫോമില്ലാതെ ഉഴലുന്ന സമയത്ത് അന്നത്തെ ഇടവേള തനിക്ക് എങ്ങനെ പ്രയോജപ്പെട്ടു എന്ന് കോഹ്ലി അടുത്തിടെ മനസ്സ് തുറന്നിരുന്നു.
“10 വർഷത്തിനിടെ ആദ്യമായി ഞാൻ ഒരു മാസത്തേക്ക് എന്റെ ബാറ്റിൽ തൊട്ടില്ല. എന്റെ ജീവിതത്തിൽ നേരത്തെ ഞാൻ അങ്ങനെ ചെയ്തിട്ടേയില്ല. ഈയിടെയായി ഞാൻ എന്റെ തീവ്രത വ്യാജമായി കൂട്ടാൻ ശ്രമിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. എനിക്ക് അത് ചെയ്യാൻ കഴിയും. നിങ്ങൾ മത്സരബുദ്ധിയുള്ളവനാണ്. നിങ്ങൾക്ക് തിരിച്ചുവരാൻ ശേഷിയുണ്ടെന്ന് സ്വയം ബോധ്യപ്പെടുത്തുകയായിരുന്നു ഞാൻ. എന്നാൽ ശരീരം എന്നോട് വിശ്രമിക്കാനാണ് ആവശ്യപ്പെട്ടത്.
മുൻ കോച്ച് രവി ശാസ്ത്രി എന്താണ് ഉപദേശിച്ചതെന്ന് ഞാൻ മനസ്സിലാക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഞാൻ ആരെക്കാളും 50% കൂടുതൽ മത്സരങ്ങൾ കളിച്ചുവെന്നാണ് രവി ഭായ് സൂചിപ്പിച്ചത്. ഈ കാര്യങ്ങൾ അവഗണിക്കുന്നത് വളരെ പ്രശ്നമാണ്. അതേസമയം, നിങ്ങൾ എപ്പോഴും ഫിറ്റായിരിക്കണം. സ്വയം കഠിനാധ്വാനം ചെയ്യണം," കോഹ്‌ലി സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.