കോഹ്‌ലിയും രോഹിത് ശര്‍മ്മയും ഭിന്നതയിലായിരുന്നതായി വെളിപ്പെടുത്തല്‍

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായി വെളിപ്പെടുത്തല്‍.

author-image
Shyma Mohan
New Update
കോഹ്‌ലിയും രോഹിത് ശര്‍മ്മയും ഭിന്നതയിലായിരുന്നതായി വെളിപ്പെടുത്തല്‍

മുംബൈ: ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായി വെളിപ്പെടുത്തല്‍.

കഴിഞ്ഞ ഐസിസി ഏകദിന ലോകകപ്പില്‍ നിന്ന് ടീം സെമി ഫൈനലില്‍ പുറത്തായതിന് പിന്നാലെ വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ടീമിനെ രണ്ടായി ഭാഗിച്ചതായി മുന്‍ ഇന്ത്യന്‍ ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധറാണ് തുറന്നുപറഞ്ഞിരിക്കുന്നത്. 2019 ലോകകപ്പില്‍ നിന്ന് ഇന്ത്യ സെമിയില്‍ പുറത്തായതിന് പിന്നാലെ അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലിയും, വൈസ് ക്യാപ്റ്റന്‍ രോഹിതും തമ്മില്‍ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനെ ശരിവെച്ചു കൊണ്ടാണ് ശ്രീധറിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.

ഇന്ത്യന്‍ ടീമില്‍ രോഹിത് ക്യാമ്പും വിരാട് ക്യാമ്പും ഉണ്ടായിരുന്നുവെന്ന് ശ്രീധര്‍ പറയുന്നു. ഒടുവില്‍ പ്രശ്നം പരിഹരിക്കാന്‍ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്ക് വ്യക്തിപരമായി ഇടപെടേണ്ടി വന്നു. കോച്ചിംഗ് ബിയോണ്ട്: മൈ ഡേയ്സ് വിത്ത് ദി ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്ന തന്റെ ബുക്കിലാണ് ശ്രീധര്‍ ഇക്കാര്യം എഴുതിയത്.

ലോകകപ്പിന് ശേഷം, ഡ്രസ്സിംഗ് റൂമില്‍ എന്താണ് സംഭവിക്കുന്നതിനെ കുറിച്ചും, സെമിഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റതിനെ കുറിച്ചും ഒരുപാട് മോശം വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. ടീമില്‍ ഒരു രോഹിത് ക്യാമ്പും, ഒരു വിരാട് ക്യാമ്പും ഉണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പരസ്പരം പിന്തുടരുന്നത് നിര്‍ത്തിയിട്ടുണ്ടെന്നും വാര്‍ത്തകള്‍ വന്നു. വഷളാകാന്‍ അനുവദിച്ചാല്‍ വലിയ അസ്വസ്ഥതയ്ക്ക് വഴിവയ്ക്കാവുന്ന കാര്യങ്ങളായിരുന്നു അതെന്നും ശ്രീധര്‍ പറയുന്നു.

ലോകകപ്പിന് തൊട്ടുപിന്നാലെ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പര്യടനം നടത്തി, ഇതിനിടയില്‍ അന്നത്തെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി തന്റെ പതിവ് ശൈലിയില്‍ രോഹിതിനെയും കോഹ്ലിയെയും വിളിച്ചുവരുത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ശാസ്ത്രി ഇടപെട്ടതോടെ കോഹ്‌ലിയും രോഹിതും പരസ്പര പോരില്‍ നിന്ന് പിന്‍വലിയുകയാണുണ്ടായതെന്നും ശ്രീധര്‍ വ്യക്തമാക്കി.

ലോഡര്‍ഹില്ലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വിന്റി20 പരമ്പരയ്ക്കായി ലോകകപ്പിന് 10 ദിവസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ യുഎസില്‍ ഇറങ്ങി. അവിടെയെത്തിയ ശേഷം രവി ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന് വിരാടിനെയും രോഹിത്തിനെയും തന്റെ മുറിയിലേക്ക് വിളിച്ച് വരുത്തി ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്നോട്ടുള്ള പോക്ക് ആരോഗ്യകരമാകണമെങ്കില്‍ അവര്‍ ഒരേ നിലയില്‍ ആവണം എന്ന് ഇരുവരെയും ബോധ്യപ്പെടുത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ എന്ത് എന്തും സംഭവിച്ചോട്ടെ, പക്ഷേ നിങ്ങള്‍ രണ്ടുപേരും ഏറ്റവും സീനിയര്‍ താരങ്ങളാണ്, അതിനാല്‍ ഇത് അവസാനിപ്പിക്കണമെന്ന് രവി തന്റെ പതിവ് ശൈലിയില്‍ പറഞ്ഞു. ഇതെല്ലാം മാറ്റിവെച്ച് മുന്നോട്ട് പോകുന്നതിന് നിങ്ങള്‍ ഒത്തുചേരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നും ശ്രീധര്‍ കൂട്ടിച്ചേര്‍ത്തു.

പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം എങ്ങനെ മെച്ചപ്പെട്ടുവെന്ന് ശ്രീധര്‍ പരാമര്‍ശിക്കുന്നുണ്ട്. അതിനുശേഷം കാര്യങ്ങള്‍ മെച്ചപ്പെടാന്‍ തുടങ്ങി. രവിയുടെ പ്രവര്‍ത്തനം വേഗമേറിയതും നിര്‍ണ്ണായകവുമായിരുന്നു. രണ്ടുപേരെയും ഒരുമിപ്പിച്ച് ഇരുത്തി സംസാരിച്ചു. രവി അങ്ങനെ സമയം പാഴാക്കിയില്ലെന്നും ശ്രീധര്‍ പറയുന്നു.

അതേസമയം രോഹിതുമായുള്ള അഭിപ്രായ വ്യത്യാസത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കോഹ്ലി നിഷേധിച്ചിരുന്നു. ആളുകള്‍ നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും കളിക്കാരുടെ സ്വകാര്യ ജീവിതത്തോട് അനാദരവ് കാണിക്കുന്നുവെന്നും കോഹ്ലി പ്രതികരിച്ചു.

Virat Kohli vs Rohit Sharma