ദക്ഷിണാഫ്രിക്കന്‍ പര്യടനം; കോലി കളിച്ചേക്കില്ല

ഡിസംബര്‍ 10 ന് ഡര്‍ബനില്‍ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ വിരാട് കോഹ്ലി കളിച്ചേക്കില്ല. ഇടവേള എടുക്കാനുള്ള തന്റെ തീരുമാനം കോലി ബിസിസിഐയെ അറിയിച്ചു.

author-image
Web Desk
New Update
ദക്ഷിണാഫ്രിക്കന്‍ പര്യടനം; കോലി കളിച്ചേക്കില്ല

മുംബൈ: ഡിസംബര്‍ 10 ന് ഡര്‍ബനില്‍ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ വിരാട് കോഹ്ലി കളിച്ചേക്കില്ല. ഇടവേള എടുക്കാനുള്ള തന്റെ തീരുമാനം കോലി ബിസിസിഐയെ അറിയിച്ചു. ഏകദിനത്തില്‍ നിന്ന് ഇടവേള ആവശ്യമാണെന്ന് കോലി ബിസിസിഐയെയും സെലക്ടര്‍മാരെയും അറിയിച്ചിട്ടുണ്ടെന്ന് ബിസിസിഐ വൃത്തങ്ങളാണ് അറിയിച്ചത്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ മൂന്ന് ടി20യും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് കളിക്കുന്നത്. ഇതില്‍ ആദ്യം നടക്കുന്ന ടി20, ഏകദിന മത്സരങ്ങളില്‍ കോലി കളിച്ചേക്കില്ല എന്നാണ് വിവരം.

എന്നാല്‍, ടെസ്റ്റ് മത്സരങ്ങളില്‍ കോഹ്ലിയെ കളിപ്പിക്കാന്‍ ബിസിസിഐ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.

'ഇനി എപ്പോഴാണ് വൈറ്റ് ഏകദിനത്തില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നത് എന്ന് കോലി ബോര്‍ഡിനെ അറിയിക്കും. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുമെന്ന് അദ്ദേഹം ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള സെലക്ഷനില്‍ അദ്ദേഹം ഉണ്ടാകും.'' ബിസിസിഐ വ്യക്തമാക്കി.

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള ദേശീയ സെലക്ഷന്‍ കമ്മിറ്റി മൂന്ന് ഫോര്‍മാറ്റുകള്‍ക്കുമുള്ള ഇന്ത്യന്‍ ടീമിനെ വരും ദിവസങ്ങളില്‍ തിരഞ്ഞെടുക്കും. ആദ്യ ടെസ്റ്റ് മാച്ച് സെഞ്ചൂറിയനിലും രണ്ടാം ടെസ്റ്റ് കേപ്ടൗണിലുമാണ് നടക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം കോലി ഇടവേള എടുത്തിരുന്നു. വെസ്റ്റ് ഇന്‍ഡീസിലും സിംബാബ്വേയിലും നടന്ന രണ്ട് പരമ്പരകളില്‍ നിന്നാണ് കോലി ഇടവേളയെടുത്തത്. തിരിച്ചുവരവില്‍ അമ്പരപ്പിക്കുന്ന പ്രകടനമാണ് താരം കാഴ്ചവച്ചത്. ഫോമില്ലാതെ ഉഴലുന്ന സമയത്ത്, അന്നത്തെ ഇടവേള തനിക്ക് എങ്ങനെ പ്രയോജപ്പെട്ടു എന്ന് കോഹ്ലി അടുത്തിടെ മനസ്സ് തുറന്നിരുന്നു.

''10 വര്‍ഷത്തിനിടെ ആദ്യമായി ഞാന്‍ ഒരു മാസത്തേക്ക് എന്റെ ബാറ്റില്‍ തൊട്ടില്ല. എന്റെ ജീവിതത്തില്‍ നേരത്തെ ഞാന്‍ അങ്ങനെ ചെയ്തിട്ടേയില്ല. എനിക്ക് അത് ചെയ്യാന്‍ കഴിയും. നിങ്ങള്‍ മത്സരബുദ്ധിയുള്ളവനാണ്. നിങ്ങള്‍ക്ക് തിരിച്ചുവരാന്‍ ശേഷിയുണ്ടെന്ന് സ്വയം ബോധ്യപ്പെടുത്തുകയായിരുന്നു ഞാന്‍. എന്നാല്‍ ശരീരം എന്നോട് വിശ്രമിക്കാനാണ് ആവശ്യപ്പെട്ടത്.

മുന്‍ കോച്ച് രവി ശാസ്ത്രി എന്താണ് ഉപദേശിച്ചതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഞാന്‍ ആരെക്കാളും 50% കൂടുതല്‍ മത്സരങ്ങള്‍ കളിച്ചുവെന്നാണ് രവി ഭായ് സൂചിപ്പിച്ചത്. ഈ കാര്യങ്ങള്‍ അവഗണിക്കുന്നത് വളരെ പ്രശ്‌നമാണ്. അതേസമയം, നിങ്ങള്‍ എപ്പോഴും ഫിറ്റായിരിക്കണം. സ്വയം കഠിനാധ്വാനം ചെയ്യണം,' കോഹ്ലി സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.

india cricket odi Virat Kohli t20