കൊച്ചി : മഹാത്മാഗാന്ധി സര്‍വകലാശാല പുരുഷ - വനിതാ നീന്തല്‍ മത്സരത്തിലും, വാട്ടര്‍ പോളോയിലും തുടര്‍ച്ചയായി ആറാം തവണയും കോതമംഗലം എം. എ. കോളേജ് സുവര്‍ണ നേട്ടം കൈവരിച്ച് കപ്പ് ഉയര്‍ത്തുമ്പോള്‍ ആ വിജയം ബി വേണുഗോപാല്‍ എന്ന നീന്തല്‍ പരിശീലകന്റെ മികവ് ഒന്ന് മാത്രം.
മൂന്ന് വിഭാഗങ്ങളിലും തുടര്‍ച്ചയായി വിജയം കൈവരിച്ചുവെന്ന ചരിത്ര നേട്ടവും എം. എ. കോളേജിന് സ്വന്തം. ബംഗളുരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ നിന്ന് നീന്തല്‍ പരിശീലനത്തില്‍ ഡിപ്ലോമ നേടിയ ശേഷം 2003 ലാണ് വേണുഗോപാല്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.2018 ല്‍ എം. എ. കോളേജില്‍ നീന്തല്‍ പരിശീലകനായി ജോലിയില്‍ പ്രവേശിക്കുന്നത് മുതല്‍ തോല്‍വിയറിയാതെ എം. എ. കോളേജ് അതിന്റെ ജൈത്രയാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല മത്സരത്തിലും, ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിലും നിരവധി താരങ്ങളാണ് വേണുഗോപാലിന്റെ പരിശീലന മികവില്‍ മിന്നും താരങ്ങളായത്. 2015ലെ ദേശീയ നീന്തല്‍ മത്സരത്തില്‍ കേരളത്തിന്റെ പരിശീലകനും ആയിരുന്നു. അദ്ധ്യാപികയായ അശ്വതിയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ നിരഞ്ജന, നവീന്‍ എന്നിവര്‍ മക്കളാണ്.