തിരുവനന്തപുരം: ലോകകപ്പ് സെമി പോരാട്ടത്തിൽ ന്യൂസിലാൻഡിനെതിരെ മികച്ച പ്രകടനം കാഴ്ച വച്ച മുഹമ്മദ് ഷമിയെ പ്രശംസിച്ച് മന്ത്രി വിഎൻ വാസവൻ.
ട്വന്റി 20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ പരാജയപ്പെട്ടപ്പോൾ രാജ്യദ്രോഹിയെന്ന് പറഞ്ഞ് ഷമിക്ക് നേരെ ഒരുവിഭാഗം നടത്തിയ സൈബറാക്രമണം ഓർമ്മിപ്പിച്ച് കൊണ്ടാണ് മന്ത്രിയുടെ പ്രതികരണം.
'അന്ന് ഷമിക്ക് നേരെ സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രചരണങ്ങളും ട്രോളുകളും നിറഞ്ഞിരുന്നു. സംഘടിതമായിരുന്നു ആ ആക്രമണം.' ഇന്നലത്തെ ഇന്ത്യയുടെ വിജയത്തോടെ, ന്യൂസിലാന്റ് മാത്രമല്ല വംശവെറിയുടെ ആ രാഷ്ട്രീയക്കാർ കൂടിയാണ് പരാജയപ്പെട്ടതെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു.
മന്ത്രി വിഎൻ വാസവന്റെ കുറിപ്പ്: ലോകകപ്പ് ഫൈനലിൽ എത്തിയ ടീം ഇന്ത്യയ്ക്ക് അഭിനന്ദനം. ഇന്നത്തെ താരം മുഹമദ് ഷമിയായിരുന്നു. സ്വപ്ന തുല്യമായിരുന്നു ഏഴ് വിക്കറ്റ് നേട്ടം. ഈ ലോകകപ്പിൽ ഇത് മൂന്നാം തവണയാണ് ഷമി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ഇതോടൊപ്പം ലോകകപ്പിൽ വേഗതയിൽ 50 വിക്കറ്റുകളെന്ന നേട്ടവും ഷമി സ്വന്തം പേരിലാക്കി. എല്ലാ ആശംസകളും നേരുന്നതിനൊപ്പം ഒരു കാര്യം കൂടി ഓർമ്മയിലേക്ക് എത്തിയത് പങ്കുവയ്ക്കുന്നു. കുറച്ചു കാലം മുൻപ് ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ 10 വിക്കറ്റ് തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി കടുത്ത സൈബർ ആക്രമണത്തിന് ഇരയായിരുന്നു. താരത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രചരണങ്ങളും ട്രോളുകളും നിറഞ്ഞിരുന്നു. സംഘടിതമായിരുന്നു ആ ആക്രമണം. എന്നാൽ ഇന്ന് ഇന്ത്യൻ ഗാലറിയുടെ മട്ടുമാറി. ഒരേ താളത്തിൽ ഒരേ സ്വരത്തിൽ അവിടെ ആരവമുയർന്നു. ഷമി..ഷമി... ഉയർന്നും താണും ഈണത്തിലുള്ള ആ ആരവം ഇന്ത്യൻ ഹൃദയങ്ങളിൽ നിറയുമ്പോൾ പരാജയപ്പെട്ടത് ന്യൂസിലന്റ് മാത്രമല്ല വംശവെറിയുടെ രാഷ്ട്രീയക്കാർ കൂടിയാണ്.ഷമിയെ അഭിനന്ദിച്ച് മന്ത്രി എംബി രാജേഷും രംഗത്തെത്തി. ഷമിയാണ് ഈ ലോകകപ്പിലെ തന്റെ താരമെന്ന് രാജേഷ് പറഞ്ഞു. മുഹമ്മദ് ഷമിയെന്ന ലക്ഷണമൊത്ത ഫാസ്റ്റ് ബൗളർ ഈ ലോകകപ്പിൽ പിഴുതെടുത്ത ഓരോ വിക്കറ്റും കളത്തിലെ എതിർ ടീമുകളുടെ മാത്രമായിരുന്നില്ല. കളത്തിനു പുറത്തെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വംശവെറിയുടെയും വർഗീയതയുടെയും സ്റ്റമ്പുകൾ കൂടിയാണെന്ന് എംബി രാജേഷ് പറഞ്ഞു.