ന്യൂഡൽഹി: ലോകകപ്പിൽ വിജയത്തോടെ അക്കൗണ്ട് തുറന്ന ടീം ഇന്ത്യ തുടർച്ചയായ രണ്ടാം ജയം തേടി ഡൽഹിയിലെത്തി. അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ബുധനാഴ്ച നടക്കാനിരിക്കുന്ന പോരാട്ടത്തിൽ അപകടകാരികളായ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ, അഞ്ചു തവണ ലോക ചാംപ്യന്മാരായ ആസ്ട്രേലിയയെ ആറു വിക്കറ്റിന് തകർത്തതിന്റെ ആവേശത്തിലാണ് രോഹിത് ശർമയും സംഘവും. മറുഭാഗത്തു ആദ്യ റൗണ്ടിലെ ഏഷ്യൻ പോരിൽ ബംഗ്ലാദേശിനോട് പരാജയമേറ്റു വാങ്ങിയ അഫ്ഗാൻ ഇന്ത്യക്കെതിരേ അട്ടിമറി വിജയമാണ് സ്വപ്നം കാണുന്നത്.
ഗില്ലിന്റെ അഭാവത്തിൽ രോഹിത്തിന്റെ ഓപ്പണിംഗ് പങ്കാളിയായി ഇടംകൈയൻ ബാറ്റർ ഇഷാൻ കിഷൻ തന്നെയായിരിക്കു അഫ്ഗാനെതിരേയും പ്ലെയിംഗ് ഇലവനിലുണ്ടാവുക. ചെപ്പോക്കിൽ നടന്ന ആസ്ട്രേലിയക്കെതിരായ മൽസരത്തിൽ ഇഷാൻ തീർത്തും നിരാശപ്പെടുത്തിയിരുന്നു. ലോകകപ്പിൽ കന്നി മൽസരം കളിച്ച താരം ഗോൾഡൻ ഡെക്കായി ക്രീസ് വിടുകയായിരുന്നു. ഓക്സ്റ്റംപിന് പുറത്തേക്കു പോയ മിച്ചൽ സ്റ്റാർക്കിന്റെ ബോളിൽ ആഞ്ചു വീശിയ ഇഷാൻ എഡ്ജായ ശേഷം സ്ലിപ്പിൽ കാമറൂൺ ഗ്രീനിനു ക്യാച്ച് സമ്മാനിക്കുകയായിരുന്നു.
ഓസീസുമായുള്ള മൽസരത്തിലെ ടീമിലെ ഒരു മാറ്റം വരുത്തിയാവും അഫ്ഗാനെതിരേ ഇന്ത്യ ഇറങ്ങിയേക്കുകയെന്നാണ് സൂചനകൾ. ചെപ്പോക്കിലെ കഴിഞ്ഞ മൽസരത്തിലെ പിച്ച് സ്പിന്നർമാരുടെ ഈറ്റില്ലമായിരുന്നു. പക്ഷെ ഡൽഹിയിലെ പിച്ച് അൽപ്പം വ്യത്യസ്തമാണ്. വളരെ ബാലൻസായ ട്രാക്കുകളാണ് ഇവിടെ നേരത്തേ കണ്ടിട്ടുള്ളത്. ആദ്യത്തെ കുറച്ച് ഓവറുകളിൽ ഫാസ്റ്റ് ബൗളർമാർക്കു പിച്ചിൽ നിന്നും സഹായം ലഭിക്കും. കൂടാതെ ന്യൂബോ ളിൽ സ്വിങും ലഭിക്കുന്നതാണ് ഇവിടുത്തെ പിച്ച്. സ്പിന്നർമാരെയും ഈ പിച്ച് നിരാശപ്പെടുത്തില്ല.
ചെന്നൈയിലെ പിച്ചിന്റെ സ്വഭാവം പരിഗണിച്ച് മൂന്നു സ്പിന്നർമാരെ ഇന്ത്യ പ്ലെയിംഗ് ഇലവനിലുൾപ്പെടുത്തിയിരുന്നു. രണ്ടു ഫാസ്റ്റ് ബൗളർമാരാണ് പേസ് ബൗളിങ് കൈകാര്യം ചെയ്തത്. എന്നാൽ അഫ്ഗാനെതിരേ ഈ കോമ്പിനേഷൻ നിലനിർത്തുമോയെന്ന കാര്യം സംശയമാണ്. അങ്ങനെ വന്നാൽ സ്റ്റാർ സ്പിന്നർ ആർ അശ്വിനായിരിക്കും സ്ഥാനം നഷ്ടമായേക്കുക.
അശ്വിനു പകരം മുഹമ്മദ് ഷമി, ശർദ്ദൽ ടാക്കൂർ എന്നിവരിലൊരാൾക്കു ടീമിലേക്കു വിളിയെത്തും. പരിചയസമ്പത്ത് പരിഗണിക്കുമ്പോൾ ഷമിക്കാണ് മുൻതൂക്കമെങ്കിൽ ശർദ്ദലിന്റെ സാന്നിധ്യം ബാറ്റിംഗ് ലൈനപ്പിനു കൂടുതൽ ആഴവും നൽകും.
ഓസീസിനെതിരായ കളിയിൽ ബൗളിംഗിനിടെ സ്വന്തം ബോളിൽ ഷോട്ട് തടയാൻ ശ്രമിക്കവെ ഹാർദിക് പാണ്ഡ്യയുടെ കൈവിരലിനു പരി ക്കേറ്റിരുന്നു. പക്ഷെ അതു അത് സാരമുള്ള തല്ലെന്നാണ് വിവരം.
എന്നാൽ ബൗളിങ് തുടർന്നാൽ പരിക്ക് ഗുരുതരമാവാൻ ഇടയുള്ളതിനാൽ അഫ്ഗാനെതിരേ അദ്ദേഹം ബൗളിങിൽ നിന്നും വിട്ടുനിന്നേക്കും. അങ്ങനെ വന്നാൽ മൂന്നാമതൊരു പേസറെ ടീമിലേക്കു കൊണ്ടുവരാൻ ഇന്ത്യ നിർബന്ധിതരായി മാറുകയും ചെയ്യും. സ്പിന്നർമാരിൽ ഒരാളെ മാറ്റി പേസറെ കൊണ്ടുവരുന്നതൊഴിച്ചാൽ ഇന്ത്യൻ ഇലവനിൽ മറ്റു മാറ്റങ്ങൾക്കു സാധ്യതയില്ല.