അഹമ്മദാബാദ്: ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനലിൽ കണികൾക്കായി ഒരുക്കിയിരിക്കുന്നത് വിസ്മയിപ്പിക്കുന്ന എയർ ഷോ. എയർ ഷോയുടെ റിഹേഴ്സൽ വെള്ളിയാഴ്ച സ്റ്റേഡിയത്തിന് മുകളിൽ തുടങ്ങി.
ഇന്ത്യൻ വായുസേനയുടെ സൂര്യകിരൺ എയറോബാറ്റിക് സംഘമായിരിക്കും സ്റ്റേഡിയത്തിന് മുകളിൽ എയർ ഷോ നടത്തുക. 10 മിനുട്ടായിരിക്കും എയർ ഷോയുടെ ദൈർക്യം. വെള്ളിയാഴ്ചയും ശനിയാഴ്ചയും എയർ ഷോയുടെ റിഹേഴ്സൽ നടക്കും.
അതേസമയം, ഫൈനൽ പോരാട്ടം കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻറണി ആൽബനീസിനെയും മത്സരം കാണാൻ ഇന്ത്യ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരം കാണാൻ മോദിയും ആൻറണി ആൽബനീസും എത്തിയിരുന്നു.
ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ, ഇന്ത്യ അവസാനം ലോകകപ്പ് നേടിയപ്പോൾ ടൂർണമെൻറിലെ താരമായിരുന്ന യുവരാജ് സിംഗ്, തെന്നിന്ത്യൻ സൂപ്പർ താരം രജനീകാന്ത്, ബോളിവുഡ് താരങ്ങൾ അടക്കം നിരവധി പ്രമുഖരാണ് മത്സരം കാണാനെത്തുക എന്നാണ് റിപ്പോർട്ട്.