അഹമ്മദാബാദ് :ലോകകപ്പ് 13ാം പതിപ്പിന്റെ ഫൈനൽ പോരാട്ടത്തിന് ഇനി അവശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതലാണ് മത്സരം. 1983ലും 2011ലും വിജയികളായ ഇന്ത്യയ്ക്ക് മൂന്നാം കിരീടം ഉയർത്താനാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.
മറുഭാഗത്ത് അഞ്ച് ലോകകിരീടങ്ങൾ സ്വന്തമാക്കിയ ഓസ്‌ട്രേലിയയാണ് ഇന്ത്യയെ നേരിടാൻ തയാറെടുക്കുന്നത്. 2013ലെ ചാംപ്യൻസ് ട്രോഫിക്ക് ശേഷം മറ്റൊരു ഐഐസി ടൂർണമെന്റിൽ ജയം നേടുകയെന്ന ലക്ഷ്യവുമായാണ് ഇന്ത്യ ഇത്തവണ ലോകകപ്പിന് തയാറെടുത്തത്.ടൂർണമെന്റിൽ കളിച്ച പത്തു മത്സരങ്ങളിലും ഉജ്ജ്വല ജയവുമായാണ് ഇന്ത്യ കലാശപ്പോരിന് ഇറങ്ങുന്നത്.
മറുഭാഗത്ത് ആദ്യ രണ്ട് മത്സരങ്ങളിൽ തോറ്റെങ്കിലും പിന്നീട് തുടർച്ചയായി എട്ട് മത്സരങ്ങളിൽ നേടിയ ജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഓസീസ് ഇറങ്ങുന്നത്. തങ്ങൾ നേരത്തേയും ലോകകപ്പ് ജയിച്ചിട്ടുണ്ടെന്നും മികച്ച രീതിയിലാണ് ടീം മുന്നേറുന്നതെന്നുമുള്ള ഓസീസ് ക്യാപ്റ്റന്റെ വാക്കുകളിൽ വർധിത ആത്മവിശ്വാസവുമുണ്ട്.
മുൻ ക്യാപ്റ്റനും 1983 ലോകകപ്പ് ജേതാക്കളായ ടീം അംഗവുമായ സുനിൽ ഗാവസ്‌കറും മത്സരം കടുക്കുമെന്നു തന്നെയാണ് പറയുന്നത്. അപ്രതീക്ഷിതമായി കളിയുടെ ഗതി മാറ്റാൻ കെൽപ്പുള്ള, അഞ്ചു തവണ കിരീടം നേടിയ ടീമിനെതിരെയാണ് ഇന്ത്യ ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്നത്.
2021ലെ ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ഓസീസ് ഇത്തവണത്തെ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലും ഇന്ത്യയെ തകർത്താണ് ലോകകപ്പിനെത്തിയത്. വൻകരയിലെ പോരാട്ടത്തിൽ ഏഷ്യൻ ചാംപ്യൻമാരായാണ് ഇന്ത്യ ടൂർണമെന്റിനെത്തിയത്.
തങ്ങളുടെ ആദ്യ മത്സരത്തിൽ ഓസീസിനെതിരെ ആറ് വിക്കറ്റ് ജയം നേടാനായതിന്റെ ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ട്. ഓസ്‌ട്രേലിയൻ ബാറ്റിങ് നിരയെ അന്ന് 199 റൺസിൽ ഒതുക്കാനും ഇന്ത്യൻ ബോളർമാർക്കായി. പിന്നീട് ടീമിനൊപ്പം ചേർന്ന മുഹമ്മദ് ഷമി മിന്നുന്ന ഫോമിലാണ്.
കളിച്ച 6 മത്സരങ്ങളിൽനിന്ന് 23 വിക്കറ്റു നേടിയ ഷമി, ടൂർണമെന്റിലെ വിക്കറ്റു വേട്ടക്കാരിൽ ഒന്നാമനാണ്. ഷമി ബുമ്ര സിറാജ് പേസ്ത്രയം ഇന്നും ഇന്ത്യൻ ടീമിന്റെ പ്രധാന ആയുധങ്ങളാവും. മികച്ച ഫോമിൽ തുടരുന്ന ഇന്ത്യൻ ബാറ്റിങ് നിരയും കിരീട പ്രതീക്ഷകൾക്ക് മാറ്റുകൂട്ടുന്നു.