ജൊഹാനസ്ബര്‍: ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ചൊവ്വാഴ്ച ആരംഭിക്കുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് നടക്കുന്നത്. ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യ സമ്പൂര്‍ണ്ണ ടീം കരുത്തോടെ കളിക്കുന്ന പരമ്പരയാണ് വരാനിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര നേടിയ ഇന്ത്യ ഏകദിന പരമ്പര അലമാരയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ ടെസ്റ്റ് പരമ്പര നേട്ടം ഇന്ത്യയെ സംബന്ധിച്ച് വളരെ കടുപ്പമായിരിക്കുമെന്നുറപ്പ്.
നാട്ടിലേക്ക് മടങ്ങിയ വിരാട് ടീമിലേക്ക് തിരിച്ചെത്തിയത് ടീമിന് കരുത്തായിട്ടുണ്ട്. എന്നാല്‍ പേസ് നിരയില്‍ പരിക്കേറ്റ മുഹമ്മദ് ഷമിയുടെ അഭാവം ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. ഇന്ത്യക്ക് ഏറ്റവും മികച്ച പ്ലേയിംഗ് 11നെ കളത്തിലിറക്കാതെ ദക്ഷിണാഫ്രിക്കയില്‍ ജയിക്കാനാവില്ലെന്നും ഉറപ്പാണ്. എന്നാല്‍ പ്ലേയിംഗ് 11 പരിഗണിക്കുമ്പോള്‍ ചിലപ്രശ്‌നങ്ങള്‍ ഇന്ത്യക്ക് മുന്നിലുണ്ട്.
ഒന്നാമത്തെ പ്രശ്നം ശാര്‍ദ്ദുല്‍ ടാക്കൂര്‍, ആര്‍ അശ്വിന്‍ എന്നിവരില്‍ ആര് വേണമെന്നതാണ്. ശാര്‍ദ്ദുല്‍ ടാക്കൂര്‍ പേസ് ഓള്‍റൗണ്ടറും അശ്വിന്‍ സ്പിന്‍ ഓള്‍റൗണ്ടറുമാണ്. കണക്കുകള്‍ നോക്കുമ്പോള്‍ അശ്വിന്‍ ആധുനിക ടെസ്റ്റ് ക്രിക്കറ്റിലെത്തന്നെ ഏറ്റവും മികച്ച സ്പിന്‍ ബൗളര്‍മാരിലൊരാളാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ അശ്വിനെ കളിപ്പിക്കുക ഇന്ത്യക്ക് പ്രയാസമാണ്. ദക്ഷിണാഫ്രിക്കയിലെ പിച്ച് പേസിന് അനുകൂലമാണ്.
അതുകൊണ്ടുതന്നെ ഇന്ത്യ നാല് പേസര്‍മാരേയും ഒരു സ്പിന്നറേയും കളിപ്പിക്കാനാണ് സാധ്യത.എന്നാല്‍ ഷമിയുടെ അഭാവം ഇന്ത്യക്ക് നികത്താനാവാത്ത വിടവാണ്. പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍ എന്നിവരിലൊരാളെ പകരക്കാരനായി പരിഗണിക്കാനാണ് സാധ്യത.
മറ്റൊരു പ്രശ്നം കെ എല്‍ രാഹുലിന്റെ ബാറ്റിംഗ് പൊസിഷനാണ്. വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍ എത്താനാണ് സാധ്യത കൂടുതല്‍. എന്നാല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കുമ്പോള്‍ ആറാം നമ്പറിലാണോ കളിപ്പിക്കേണ്ടതെന്നതാണ് ചോദ്യം.
ഓപ്പണറായിരുന്ന രാഹുലിനെ മധ്യനിരയില്‍ കളിപ്പിക്കണോ അതോ ടോപ് ഓഡറില്‍ കളിപ്പിക്കണമോയെന്നതാണ് ഇന്ത്യയുടെ തല പുകയ്ക്കുന്ന ചോദ്യം. റിപ്പോര്‍ട്ട് പ്രകാരം രാഹുല്‍ മധ്യനിരയില്‍ കളിക്കാനാണ് സാധ്യത കൂടുതല്‍.