മുംബൈ: ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിന്റെ പൂർണകായ പ്രതിമ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ അനാച്ഛാദനം ചെയ്തു. നടന്നു കൊണ്ടിരിക്കുന്ന ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ലോകകപ്പ് മത്സരത്തിന് മുന്നോടിയായായിരുന്നു അനാച്ഛാദനം. സച്ചിൻ ടെണ്ടുൽക്കർ സ്റ്റാൻഡിന് അടുത്താണ് പ്രതിമ സ്ഥിതിചെയ്യുന്നത്.
ആഘോഷങ്ങളോടെ നടന്ന ചടങ്ങിൽ സച്ചിൻ ടെണ്ടുൽക്കർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ബിസിസിഐ സെക്രട്ടറി ജയ് ഷാ, ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) പ്രസിഡന്റ് അമോൽ കാലെ, രാജ്യസഭാംഗം ശരദ് പവാർ എന്നിവർ പങ്കെടുത്തു. സച്ചിന്റെ ഭാര്യ അഞ്ജലി ടെണ്ടുൽക്കർ, മകൾ സാറാ ടെണ്ടുൽക്കർ, സഹോദരൻ അജിത് ടെണ്ടുൽക്കർ എന്നിവരും സന്നിഹിതരായിരുന്നു.
അഹമ്മദ് നഗർ സ്വദേശിയായ പ്രമോദ് കാംബ്ലെയാണ് പ്രതിമ നിർമ്മിച്ചത്. സച്ചിന്റെ 50ാം ജന്മദിനത്തോടനുബന്ധിച്ചാണ് പ്രതിമ സ്ഥാപിക്കുമെന്ന പ്രഖ്യാപനം വന്നത്. 2013 നവംബർ 16ന് വാംഖഡെ സ്‌റ്റേഡിയത്തിൽ വെച്ച് വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തോടെയാണ് സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റ് കരിയറിന് വിരാമമിട്ടത്.