ഇന്നലെ രണ്ടു മണിക്കൂറോളമാണ് അഹമ്മദാബാദിൽ പാക്കിസ്ഥാൻ താരങ്ങൾ പരിശീലനം നടത്തിയത്. ഫുട്ബോൾ തട്ടിയും ഫീൽഡിങ് പരിശീലിച്ചും ഭൂരിഭാഗം താരങ്ങളും സമയം ചിലവഴിച്ചു. എന്നാൽ പാക്ക് പേസർ ഷഹീൻ ഷാ അഫ്രീദി, ബോളിങ് പരിശീലകൻ മോർണി മോർക്കലിനൊപ്പം പിച്ച് പരിശോധിക്കുന്ന ദൃതിയിലായിരുന്നു.
ഏഷ്യാ കപ്പിലും ട്വന്റി20 ലോകകപ്പിലും പാക്ക് ബോളിങ് നിരയുടെ കുതിരപവനായിരുന്നു ഷഹീൻ പക്ഷേ, ഏകദിന ലോകകപ്പിൽ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. സാധാരണയായി മണിക്കൂറിൽ 145 കിലോമീറ്റർ വേഗത്തിലാണ് ഷഹീൻ പന്തെറിയാറുള്ളത് ഈ ലോകകപ്പിലെ അദ്ദേഹത്തിന്റെ ശരാശരി വേഗം മണിക്കൂറിൽ 134 കിലോമീറ്ററായി കുറഞ്ഞു.
ഷഹീന്റെ മോശം പ്രകടനം പാക്ക് ടീമിനെയാകെ പ്രതികൂലമായി ബാധിക്കും എന്നതിനാലാണ് ഷഹീനൊപ്പം സമയം ചെലവിടാൻ മോർക്കൽ തീരുമാനിച്ചത്. പ്രാക്ടീസ് പിച്ചിലേക്കു പോയ മോർക്കൽ, കൂടുതലായും എറിയാൻ ആവശ്യപ്പെട്ടത് ഷോർട്ട് പിച്ച് പന്തുകളും ബൗൺസറുകളുമാണ്. പിച്ചിൽ നിന്ന് തുടക്കത്തിൽ സ്വിങ് ലഭിക്കാതെ വന്നാൽ ബൗൺസറുകളിലൂടെ ഇന്ത്യൻ ബാറ്റർമാരെ പരീക്ഷിക്കുകയാകും ഷഹീന്റെ പദ്ധതി.