തിരുവനന്തപുരം: ലോകകപ്പിലെ ദയനീയ ബാറ്റിങ് പ്രകടനത്തോടെ ഏകദിന ഫോര്‍മാറ്റ് തന്നെക്കൊണ്ടു പറ്റുന്ന കാര്യമല്ലെന്നു അരക്കിട്ടുപ്പിച്ചിരിക്കുകയാണ് ഇന്ത്യയുടെ 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവ്.
ഹാര്‍ദിക് പാണ്ഡ്യ പരിക്കു കാരണം പുറത്തായപ്പോള്‍ പകരമെത്തിയ സൂര്യ ഫിനിഷറുടെ റോളില്‍ ചില തീപ്പൊരി ഇന്നിങ്സുകള്‍ കളിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ സ്‌കൈ നനഞ്ഞ പടക്കമായി മാറുകയായിരുന്നു.
ടി20 സ്പെഷ്യലിസ്റ്റിന്റെ റോളില്‍ തന്നെ സൂര്യക്കു ഒതുങ്ങേണ്ടി വരും. ഏകദിന ഫോര്‍മാറ്റില്‍ നിന്നും അദ്ദേഹം പൂര്‍ണമായി തഴയപ്പെടാനും സാദ്ധ്യതയുണ്ട്. ആദ്യത്തെയാള്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണാണ്.
ഏകദിനത്തില്‍ സൂര്യയേക്കാള്‍ മികച്ച റെക്കോര്‍ഡുണ്ടായിട്ടും അദ്ദേഹത്തെ ഇന്ത്യ തഴഞ്ഞതിനെതിരേ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.മുംബൈ ഇന്ത്യന്‍സില്‍ തന്റെ ടീമംഗമായതിനാല്‍ സൂര്യയോടു നായകന്‍ രോഹിത് ശര്‍മ പ്രത്യേകത താല്‍പ്പര്യം കാണിക്കുന്നതായും ആരോപണമുയര്‍ന്നിരുന്നു.
ഫ്ളോപ്പായിട്ടും സൂര്യക്കു രോഹിത് വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കിക്കൊണ്ടിരുന്നെങ്കിലും പ്രതീക്ഷ കാത്തില്ല.ടി20യെ അപേക്ഷിച്ച് ഏകദിനത്തില്‍ ഇന്ത്യക്കൊപ്പം വളരെ മികച്ച റെക്കോര്‍ഡാണ് സഞ്ജുവിനുള്ളത്.
13 മല്‍സരങ്ങളിലായി 12 ഇന്നിങ്സുകളിലാണ് അദ്ദേഹം ഇതുവരെ ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 55.71 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 390 റണ്‍സെടുക്കുകയും ചെയ്തു. മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. സൗത്താഫ്രിക്കയ്ക്കെതിരേ കഴിഞ്ഞ വര്‍ഷം ലഖ്നൗവില്‍ നടന്ന മല്‍സരത്തില്‍ പൊരുതി നേടിയ 86 റണ്‍സാണ് സഞ്ജുവിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം.
സൂര്യയിലുള്ള വിശ്വാസം നഷ്ടമായതോടെ ഏകദിനത്തില്‍ ഇനി സഞ്ജുവിനു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. സാഹര്യത്തിനു അനുസരിച്ച് ഒരുപോലെ ആക്രമിച്ചും പ്രതിരോധിച്ചും ബാറ്റ് ചെയ്യാന്‍ മിടുക്കനാണ് അദ്ദേഹം.
അതുകൊണ്ടു തന്നെ ആവശ്യമെങ്കില്‍ ഫിനിഷറുടെ റോളും സഞ്ജുവിനു ഇന്ത്യക്കു നല്‍കാവുന്നതാണ്. അതേസമയം വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിനുള്ള കേരള ടീമിന്റെ നായകനായി സഞ്ജു സാംസണെ പ്രഖ്യാപിച്ചു.
ഈ മാസം 23 മുതലാണ് ആഭ്യന്തര ഏകദിന ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫി ആരംഭിക്കുന്നത്. അതേ ദിവസമാണ് ആസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പരയും തുടങ്ങുന്നത്. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിന്റെ നായകനാക്കിയത് സഞ്ജുവിനെ ഇന്ത്യന്‍ ടി20 ടീമിലേക്ക് പരിഗണിക്കാനിടയില്ലെന്നതിന്റെ സൂചയനാണെന്നാണ് വിലയിരുത്തല്‍.
ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള കളിക്കാരെ സംസ്ഥാന സെലക്ടര്‍മാര്‍ സാധാരണഗതിയില്‍ ആഭ്യന്തര ടൂര്‍ണമെന്റുകളിലേക്ക് പരിഗണിക്കാറില്ല.