2023 ലോകകപ്പ് ക്രിക്കറ്റിലെ പുതിയ താര തിളക്കമാണ് രചിൻ രവീന്ദ്ര. ന്യൂസിലൻഡുമായുള്ള സെമിയിൽ ആതിഥേയർക്ക് മികച്ച വിജയം നേടണമെങ്കിൽ തുടക്കത്തിൽ തന്നെ രചിനെ പുറത്താക്കണം. ഒമ്പത് ഇന്നിംഗ്സുകളിൽ നിന്ന് 565 റൺസാണ് അദ്ദേഹം ഈ ലോകകപ്പ് ക്രിക്കറ്റിൽ നേടിയിട്ടുള്ളത്.
മൂന്ന് സെഞ്ചുറികളും രണ്ട് അർദ്ധ സെഞ്ചുറികളും ഇതിൽ ഉൾപെടും. 70.62 ആണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ശരാശരി. ഏറ്റവും കൂടുതൽ സ്കോർ നേടിയ ബാറ്റർമാരിൽ മൂന്നാം സ്ഥാനത്താണ് അദ്ദേഹം.
രചിൻ രവീന്ദ്ര ഇന്ത്യൻ വംശജനായ ഒരു കളിക്കാരനാണ്. അദ്ദേഹത്തിന്റെ കുടുംബം ഇപ്പോഴും ബംഗളൂരുവിൽ താമസിക്കുന്നുണ്ട്. 2023 ലോകകപ്പ് ക്രിക്കറ്റ് സമയത്ത് അദ്ദേഹം അവരെ സന്ദർശിച്ചിരുന്നു.
രാഹുൽ ദ്രാവിഡിന്റെയും സച്ചിൻ ടെണ്ടുൽക്കരിന്റെയും പേരിൽ നിന്നാണ് രചിൻ രവീന്ദ്ര എന്ന പേര് ഉൾതിഞ്ഞു വന്നതെന്ന് മാധ്യമങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ അച്ഛൻ തന്നെ ഇതിനെതിരെ ഒരു പരാമർശം നടത്തിയിരുന്നു. "രച്ചിൻ ജനിച്ചപ്പോൾ, എന്റെ ഭാര്യയാണ് പേര് നിർദ്ദേശിച്ചത്, ഞങ്ങൾ അത് ചർച്ച ചെയ്യാൻ അധികം സമയം ചെലവഴിച്ചില്ല, കേട്ടപ്പോൾ നല്ല പേരാണെന്ന് തോന്നി. വിളിക്കാനും എളുപ്പമാണ്.
പിന്നീട് കുറെക്കാലം കഴിഞ്ഞാണ് ഇത് രാഹുൽ ദ്രാവിഡിൻറെയും സച്ചിൻറെയും പേരുകൾ ചേർത്തുള്ളതാണല്ലോ എന്ന് തിരിച്ചറിയുന്നത്.മകനെ ക്രിക്കറ്റ് താരമാക്കണമെന്ന് കരുതി അങ്ങനെ ഒരു പേരിട്ടതല്ലെന്നും രവി കൃഷ്ണമൂർത്തി ദ് പ്രിന്‍റിനോട് പറഞ്ഞു.