ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് അതേ സ്ഥാനത്ത് തുടർന്നേക്കില്ല. 2023 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിന്റെ ദിവസം അദ്ദേഹത്തിന്റെ കരാർ അവസാനിച്ചിരുന്നു.
അദ്ദേഹത്തോട് ഈ സ്ഥാനത്ത് തുടരാൻ ബോർഡ് ആവശ്യപെട്ടിരുന്നെങ്കിലും, അദ്ദേഹം ഇപ്പോൾ ഹെഡ് കോച്ചായി തുടരാൻ താൽപ്പര്യപ്പെടുന്നില്ല. ദ്രാവിഡിന് പകരം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ) നിലവിലെ ഡയറക്ടർ വിവിഎസ് ലക്ഷ്മൺ ചുമതലയേൽക്കും.
നിലവിൽ ഇന്ത്യ-ഓസ്‌ട്രേലിയ ടി20യുടെ ചുമതലയാണ് അദ്ദേഹം വഹിക്കുക. അടുത്ത ഹെഡ് കോച്ചാകാനുള്ള ആഗ്രഹം ലക്ഷ്മൺ പ്രകടിപ്പിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
"ലോകകപ്പിനിടെ ബിസിസിഐയുടെ ഉന്നത മേധാവികളെ കാണാൻ ലക്ഷ്മൺ അഹമ്മദാബാദിലേക്ക് പോയിരുന്നു. അദ്ദേഹം ടീം ഇന്ത്യയുടെ പരിശീലകനായി ദീർഘകാലകരാറിൽ ഒപ്പുവെക്കാൻ സാധ്യതയുണ്ട്.
വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് അദ്ദേഹം ടീമിനൊപ്പം തീർച്ചയായും യാത്ര ചെയ്യും, ആദ്യമായാണ് വിവിഎസ് ലക്ഷ്മൺ ഇന്ത്യൻ ടീമിന്റെ മുഴുവൻ സമയ പരിശീലകനാകുന്നത് ”ബിസിസിഐ വൃത്തങ്ങൾ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.