ദുബായ്: ഐപിഎല്‍ താരലേലത്തിനിടെ ആളുമാറി താരത്തെ വാങ്ങി പഞ്ചാബ് കിങ്‌സ്. ശശാങ്ക് സിങ്ങിനെയാണ് പഞ്ചാബ് അബദ്ധത്തില്‍ വാങ്ങിയത്. ലേലത്തിലുള്ള എല്ലാ താരങ്ങളുടേയും വിവരങ്ങള്‍ ക്ലബ് പ്രതിനിധികള്‍ക്ക് കമ്പ്യൂട്ടറില്‍ ലഭ്യമാകാറുണ്ട്. ഇത് പരിശോധിച്ച ശേഷമാണ് ആരെയൊക്കെ വാങ്ങണമെന്ന ധാരണയുമായി ക്ലബുകള്‍ ലേലത്തിനെത്തുക.
ശശാങ്ക് സിങ്ങിന്റെ പേര് ഉയര്‍ന്നപ്പോള്‍ പഞ്ചാബ് താല്‍പര്യം അറിയിച്ചു. 20 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ വാങ്ങാന്‍ മറ്റാരും എത്തിയുമില്ല.
ഇതോടെ ശശാങ്കിനെ പഞ്ചാബ് സ്വന്തമാക്കിയതായി അറിയിപ്പ് വന്നു. തൊട്ടുപിന്നാലെയാണ് ആശയക്കുഴപ്പം സംഭവിച്ചെന്ന വാദവുമായി പഞ്ചാബ് പ്രതിനിധികള്‍ എത്തിയത്.
19 വയസ്സുകാരനായ മറ്റൊരു ശശാങ്ക് സിങ്ങിനെ ടീമിലെടുക്കുന്നതിനാണു പഞ്ചാബ് ശ്രമിച്ചത്. എന്നാല്‍ തീരുമാനം പിന്‍വലിക്കാനാകില്ലെന്ന് ലേലം നയിച്ച മല്ലിക സാഗര്‍ അറിയിച്ചു. ഒടുവില്‍ പഞ്ചാബിനും ഇത് അംഗീകരിക്കേണ്ടിവന്നു. 32 വയസ്സുകാരനായ ശശാങ്ക് സിങ് മുന്‍പ് സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ കളിച്ചിരുന്നു. പിന്നീട് താരത്തെ ആരും സ്വന്തമാക്കിയിരുന്നില്ല.
ശശാങ്ക് സിങ്ങിന്റെ വിഡിയോ പഞ്ചാബ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. തന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ച പഞ്ചാബ് കിങ്‌സ് ടീം മാനേജ്‌മെന്റിന് നന്ദി അറിയിക്കുന്നതായി ശശാങ്ക് സിങ് വിഡിയോയില്‍ പറയുന്നു.