വ്യാഴാഴ്ച അഹമ്മദാബാദിൽ വച്ചു നടന്ന ക്രിക്കറ്റ് ലോകകപ്പ് 2023 ൽ തന്റെ കന്നി സെഞ്ച്വറി അടിച്ച് ഇംഗ്ലണ്ടിനെതിരെ തകർപ്പൻ വിജയത്തിലേക്ക് ന്യൂസിലൻഡിനെ നയിക്കാൻ രച്ചിൻ രവീന്ദ്രയ്ക്ക് സാധിച്ചു.
കെയ്ൻ വില്യംസണിന്റെ അഭാവത്തിലായിരുന്നു 23 കാരന് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചത്, രവീന്ദ്ര വെറും 93 പന്തിൽ പുറത്താകാതെ 123 റൺസ് നേടുകയും ചെയ്തു. ഡെവൺ കോൺവേയുമായുള്ള കൂട്ടുകെട്ട് അദ്ദേഹത്തിന് വളരെ നല്ല സ്കോർ തന്നെ സമ്മാനിച്ചു.
രവീന്ദ്രയുടെ മാതാപിതാക്കൾ ഇരുവരും ഇന്ത്യയിൽ നിന്നുള്ളവരാണ്. അദ്ദേഹത്തിന്റെ പേര് യഥാർത്ഥത്തിൽ രണ്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് ഇതിഹാസങ്ങളിൽ നിന്നാണ് വന്നത് - സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്. മീഡിയയുടെ റിപ്പോർട്ട് പ്രകാരം അദ്ദേഹത്തിന്റെ അച്ഛൻ സച്ചിൻ ടെണ്ടുൽക്കറിന്റെയും, രാഹുൽ ദ്രാവിഡിന്റെയും വലിയ ഫാനായിരുന്നു അതിലൂടെയാണ് ഇങ്ങനെയൊരു പേരിന്റെ ഉൽഭവം.
രച്ചിൻ രവീന്ദ്ര തന്റെ ക്രിക്കറ്റ് യാത്ര വളരെ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 2016 ലെ അണ്ടർ 19 ലോകകപ്പിനുള്ള ന്യൂസിലൻഡ് ടീമിൽ ഇദ്ദേഹം ഉണ്ടായിരുന്നു.ബംഗ്ലാദേശിനെതിരെ ടി20 യിൽ അരങ്ങേറ്റം കുറിച്ചു. അധികം താമസിയാതെ അദ്ദേഹം തന്റെ ടെസ്റ്റ് അരങ്ങേറ്റവും, 2023 ൽ ഏകദിന അരങ്ങേറ്റവും നടത്തി.
ഇതുവരെ 3 ടെസ്റ്റുകളും 12 ഏകദിനങ്ങളും 18 ടി20കളും കളിച്ചിട്ടുള്ള അദ്ദേഹം 2023 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ പാക്കിസ്ഥാനെതിരെ 97 റൺസിന്റെ മിന്നുന്ന പ്രകടനത്തിലൂടെ അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചു.