ക്വാലാലംപൂര്‍: മലേഷ്യ ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ് പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ഒരു മണിക്കൂര്‍, നാല് മിനിറ്റ് നീണ്ട ത്രസിപ്പിക്കുന്ന പോരാട്ടത്തിനൊടുവില്‍ 21-9, 15-21, 21-16 എന്ന സ്‌കോറിനാണ് മലയാളി താരം വിജയം സ്വന്തമാക്കിയത്.
അക്സിയാത്ത അരീനയില്‍ ഇന്തോനേഷ്യയുടെ ചിക്കോ ഔറ ദ്വി വാര്‍ഡോയോയെ പരാജയപ്പെടുത്തിയാണ് മുന്നേറ്റം. ലോക 19-ാം നമ്പര്‍ വാര്‍ഡോയോയെ 21-9, 15-21, 21-16 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്.
തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ എച്ച്.എസ് പ്രണോയ് ആദ്യ സെറ്റ് അനായാസം കൈപ്പിടിയില്‍ ഒതുക്കി. എന്നാല്‍ ചിക്കോ ഔറ ദ്വി വാര്‍ഡോയോയുടെ ഇന്‍സൈഡ് ഔട്ട് ഷോട്ടുകളില്‍ പതറിയ പ്രണോയ് രണ്ടാം സെറ്റില്‍ തോറ്റു.
നിര്‍ണായകമായ മൂന്നാം സെറ്റില്‍ ക്രോസ്‌കോര്‍ട്ട് സ്മാഷുകളിലൂടെ ഇരു താരങ്ങളും പരസ്പരം ആക്രമിച്ച് കളിച്ചു. മൂന്നാം ഗെയിം അവസാനിക്കുന്നതിന് മുമ്പ് അഞ്ച് പോയിന്റ് ലീഡ് നേടിയ പ്രണോയ് 64ാം മിനിറ്റില്‍ മത്സരം സ്വന്തമാക്കി. ക്വാര്‍ട്ടറില്‍ മലേഷ്യയുടെ എന്‍ജി സെ യോങ്ങിനെയോ ജപ്പാന്റെ കൊടൈ നരോക്കയെയോ നേരിടും.