വിടവാങ്ങല്‍ വര്‍ഷത്തില്‍ ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടം കൈവരിക്കാനായില്ലെങ്കിലും ഇന്ത്യയുടെ മാനസപുത്രി സാനിയ മിര്‍സ വിടവാങ്ങുന്നത് മറ്റൊരു താരത്തിനും കൈവരിക്കാനാവാത്ത സമാനതകളില്ലാത്ത നേട്ടത്തോടെ.
പതിനെട്ടാം വയസ്സില്‍, 2005ലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കളിക്കാനെത്തിയാണ് സാനിയ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളില്‍ അരങ്ങേറുന്നത്. ആദ്യ രണ്ടു റൗണ്ടിലും വിജയിച്ചുകയറിയ സാനിയക്ക് മൂന്നാം റൗണ്ടില്‍ എതിരാളിയായിക്കിട്ടിയത് സാക്ഷാല്‍ സെറീനാ വില്യംസിനെ. നേരിട്ടുള്ള സെറ്റുകളില്‍ സെറീനയോട് തോറ്റെങ്കിലും മെല്‍ബണ്‍പാര്‍ക്കിലെ റോഡ്‌ലേവര്‍ അരീനയില്‍ പിന്നീട് അവള്‍ സ്വന്തം പേര് എഴുത്തിച്ചേര്‍ത്തു, ഒന്നല്ല, മൂന്നുവട്ടം.
പതിനെട്ടു വര്‍ഷംമുമ്പ് അവിടെ തുടങ്ങിയ ഗ്രാന്‍ഡ് സ്ലാം പോരാട്ടം വെള്ളിയാഴ്ച സാനിയ അവിടെത്തന്നെ അവസാനിപ്പിച്ചപ്പോള്‍ വനിതാ ടെന്നീസിലെ ഒരു യുഗം അവസാനിക്കുകയാണ്. രണ്ടു ദശാബ്ദം സാനിയ വനിതാ ടെന്നീസില്‍ ഇന്ത്യയെ ഒറ്റയ്ക്കുതന്നെ മുന്നോട്ടു നയിക്കുകയായിരുന്നു.
2008 മുതല്‍ നാല് ഒളിമ്പിക്‌സുകളില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞു. വനിതാ ടെന്നീസില്‍ ഇന്ത്യക്ക് സാനിയക്ക് പകരംവെക്കാന്‍ സാനിയ മാത്രമേയുള്ളൂ. പരിക്കിനെ തുടര്‍ന്ന് ഡബിള്‍സില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനുള്ള സാനിയയുടെ തീരുമാനം ഇന്ത്യന്‍ ടെന്നീസിനും സാനിയക്കും നേട്ടങ്ങളാണ് സമ്മാനിച്ചത്. മുന്‍ ലോക ഒന്നാം നമ്പര്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പം സാനിയ ചേര്‍ന്നപ്പോള്‍ കൊയ്തത് നേട്ടങ്ങള്‍. മികച്ച ജോഡികളെന്ന ഖ്യാതിയും ഇരുവരെയും തേടിയെത്തി.
സാനിയയും ഹിംഗിസും ചേര്‍ന്ന് മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളടക്കം 14 കിരീടങ്ങള്‍ നേടി. ഡബ്ല്യു.ടി.എ. ഡബിള്‍സ് റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പര്‍ ബഹുമതിയും സാനിയ സ്വന്തമാക്കി. 2016ല്‍ ഹിംഗിസിനൊപ്പം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഡബിള്‍സ് കിരീടവും ചൂടി. ഇക്കുറി കപ്പിനും ചുണ്ടിനും ഇടയില്‍ ഗ്രാന്‍ഡ് സ്ലാം നഷ്ടപ്പെട്ടെങ്കിലും ഇന്ത്യന്‍ ടെന്നീസ് ലോകം എന്നും കടപ്പെട്ടിരിക്കും സാനിയയോട്. രണ്ടു ദശാബ്ദത്തോളം ഇന്ത്യയിലെ സ്ത്രീകളെയും പെണ്‍കുട്ടികളെയും പ്രചോദിപ്പിക്കാന്‍ സാനിയ എന്ന പേരിനായി.