ലങ്കക്കെതിരായ ഏകദിന പരമ്പരക്ക് അല്‍പസമയത്തിനകം തുടക്കം

ട്വിന്റി20 പരമ്പരയിലെ ആത്മവിശ്വാസവുമായി ലങ്കക്കെതിരെ ഏകദിന പരമ്പരയും സ്വന്തമാക്കാന്‍ ടീം ഇന്ത്യ ഇറങ്ങുന്നു. ഗുവാഹത്തിയില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ആദ്യമത്സരം.

author-image
Shyma Mohan
New Update
ലങ്കക്കെതിരായ ഏകദിന പരമ്പരക്ക് അല്‍പസമയത്തിനകം തുടക്കം

ഗുവാഗത്തി: ട്വിന്റി20 പരമ്പരയിലെ ആത്മവിശ്വാസവുമായി ലങ്കക്കെതിരെ ഏകദിന പരമ്പരയും സ്വന്തമാക്കാന്‍ ടീം ഇന്ത്യ ഇറങ്ങുന്നു. ഗുവാഹത്തിയില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ആദ്യമത്സരം.

ഹാര്‍ദിക്ക് പണ്ഡ്യയുടെ നേതൃത്വത്തില്‍ യുവതാരങ്ങളുടെ മികവിലാണ് ഇന്ത്യ ലങ്കയെ മുട്ടുകുത്തിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ,വിരാട് കോഹ്‌ലി, കെ.എല്‍ രാഹുല്‍ തുടങ്ങി സീനിയര്‍ താരങ്ങളുടെ അനുഭവസമ്പത്തും ചേരുന്നതോടെ പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ കളത്തിലിറങ്ങുക.

ഏകദിന ലോകകപ്പ് നടക്കാനിരിക്കെ യുവതാരങ്ങള്‍ക്ക് ഓരോ മത്സരവും നിര്‍ണ്ണായകമായണ്. ആദ്യ ഇലവനില്‍ കയറിക്കൂടാന്‍ യുവതാരങ്ങള്‍ക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്നുള്ളതുകൊണ്ടുതന്നെ ലങ്കക്കെതിരെയുള്ള മത്സരം തീപാറുമെന്നുറപ്പാണ്.

അതേസമയം രോഹിത്തിനൊപ്പം ശുഭ്മാന്‍ ഗില്‍ ഗുവാഹത്തിയില്‍ ഓപ്പണറായി എത്തും. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം റണ്‍സ് നേടിയ യുവതാരങ്ങളിലൊരാളാണ് ഗില്‍. ബംഗ്ലാദേശിനെിരായ അവസാന ഏകദിനത്തില്‍ ഇരട്ടസെഞ്ച്വറി നേടി തിളങ്ങിയെങ്കിലും ഇഷാന്‍ കിഷന് ഇന്ന് ഓപ്പണറായി അവസരമുണ്ടാകില്ല. കെ.എല്‍.രാഹുലിനാകും വിക്കറ്റ് കീപ്പിംഗിന്റെ ചുമതല.

ഏറെ നാളത്തെ ഫോമില്ലായ്മക്കുശേഷം തിരിച്ചുവരവിന്റെ പാതയിലാണ് ലങ്കന്‍ ടീം. അവസാന 10 കളിയില്‍ ആറിലും ലങ്കന്‍ പടയ്ക്ക് ജയിക്കാനായി. ജയങ്ങളില്‍ കൂടുതലും ദുര്‍ബലരായ സിംബാബ്വെക്കും ബംഗ്ലാദേശിനുമെതിരെ ആയിരുന്നെങ്കിലും ഓസ്‌ട്രേലിയക്കെതിരെ നാട്ടില്‍ നേടിയ പരമ്പര ജയവും ഉള്‍പ്പെടുന്നു. അതുകൊണ്ടുതന്നെ ലങ്കന്‍ കരുത്തിനെ വിലകുറച്ചു കാണാന്‍ ഇന്ത്യക്കാവില്ല.

 

India vs Sri Lanka 1st ODI