കൊൽക്കത്ത: ഏകദിന ലോകകപ്പിൽ ഇന്ത്യ-ആസ്ട്രേലിയ ഫൈനൽ. രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചാണ് ആസ്ട്രേലിയ ഫൈനൽ ടിക്കറ്റെടുത്തത്. ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ ആദ്യം ഫൈനലിൽ പ്രവേശിച്ച ഇന്ത്യ ആസ്‌ട്രേലിയയെ നേരിടും.
ഉച്ചയ്ക്ക് 2ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മത്സരം.വ്യാഴാഴ്ച ആദ്യം ബാറ്റുചെയ്ത സൗത്താഫ്രിക്ക 212ൽ ഒതുങ്ങിയപ്പോൾ 16 പന്ത് ബാക്കിയാക്കിയാണ് ഓസീസ് ജയം പിടിച്ചെടുത്തത്. ലഭിച്ച ക്യാച്ചവസരങ്ങളും റണ്ണൗട്ടവസരങ്ങളും പാഴാക്കിയതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്.
ഇത്തവണയും നോക്കൗട്ടിൽ ഭാഗ്യം തുണക്കാതെ വന്നതോടെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് കണ്ണീരോടെ മടങ്ങേണ്ടി വന്നത്.ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബാവുമ ആദ്യം ബാറ്റുചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ഈ തീരുമാനം തെറ്റായിപ്പോയെന്ന് തോന്നിപ്പിക്കുന്ന തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയുടേത്. ആദ്യ ഓവറിൽത്തന്നെ നായകൻ ടെംബ ബാവുമയെ മിച്ചൽ സ്റ്റാർക്ക് പുറത്താക്കി. വിക്കറ്റ് കീപ്പർ ജോഷ് ഇൻഗ്ലിസിന് ക്യാച്ച് നൽകിയാണ് ബാവുമയുടെ മടക്കം. ലീഗ് ഘട്ടത്തിൽ ആസ്ട്രേലിയക്കെതിരേ കസറിയ ക്വിന്റൻ ഡീകോക്ക് സെമി ഫൈനലിൽ നിരാശപ്പെടുത്തി.