ഹാങ്ചോ:ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമി ഫൈനലിൽ പാക്കിസ്ഥാനെ നാലു വിക്കറ്റുകൾക്കു തോല്പിച്ച് അഫ്ഗാനിസ്ഥാൻ ഫൈനലിൽ കടന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ 18 ഓവറിൽ 115 റൺസെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങിൽ 17.5 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാൻ വിജയത്തിലെത്തി.
ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന്റെ മൂന്നു താരങ്ങൾക്കു മാത്രമാണു രണ്ടക്കം കടക്കാനായത്. അമേർ ജമാൽ (11 പന്തിൽ 14), അറാഫത്ത് മിനാസ് (14 പന്തിൽ 13), റൊഹെയ്ൽ നാസിർ (15 പന്തില്‍ 10) എന്നിവരാണു പാക്കിസ്ഥാന്റെ പ്രധാന സ്കോറർമാർ. അഫ്ഗാനു വേണ്ടി ഫരീദ് അഹമ്മദ് മൂന്നു വിക്കറ്റുകളും ക്വൈസ് അഹമ്മദ്, സഹീർ ഖാൻ എന്നിവർ രണ്ടു വിക്കറ്റു വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ നൂർ അലി സദ്രാനും (33 പന്തിൽ 39), ക്യാപ്റ്റൻ ഗുൽബദിൻ നായിബും (19 പന്തിൽ 26) അഫ്ഗാനിസ്ഥാനുവേണ്ടി തിളങ്ങി. ശനിയാഴ്ചയാണ് ഇന്ത്യ– അഫ്ഗാൻ ഫൈനൽ പോരാട്ടം. വെങ്കല മെഡലിനു വേണ്ടി ബംഗ്ലദേശും പാക്കിസ്ഥാനും ഏറ്റുമുട്ടും. ആദ്യ സെമിയിൽ ബംഗ്ലദേശിനെ ഇന്ത്യ ഒന്‍പതു വിക്കറ്റിനു കീഴടക്കിയിരുന്നു.