ജൊഹാനസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്ക് ഞായറാഴ്ച തുടക്കം. ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി ആരംഭിക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട് സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. മൊബൈല്‍ വരിക്കാര്‍ക്ക് ഹോട് സ്റ്റാറില്‍ മത്സരം സൗജന്യമായി കാണാം.
ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ടീം ഇന്ത്യ ഇറങ്ങുന്ന ആദ്യ ഏകദിന മത്സരമാണ് ഇന്ന് നടക്കുന്നത്. ലോകകപ്പിലെ സെമി തോല്‍വിക്ക് ശേഷം ദക്ഷിണാഫ്രിക്കയുടെയും ആദ്യ ഏകദിനമാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ,വിരാട് കോലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരെല്ലാം വിശ്രമത്തിലാണ്. കെ എല്‍ രാഹുലിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന യുവതാരങ്ങളാണ് ടീം ഇന്ത്യക്ക് വേണ്ടി കളിക്കുന്നത്.
ബി സായ് സുദര്‍ശനും റിങ്കു സിംഗിനും അരങ്ങേറ്റം നല്‍കിയേക്കും. രാഹുല്‍ വിക്കറ്റ് കീപ്പറായി തുടരുമെന്ന് ഉറപ്പായതിനാല്‍ ടീമിലെത്താന്‍ സഞ്ജു സാംസണ് മത്സരിക്കേണ്ടത് റിങ്കു സിംഗിനോടാണ്.
റാസി വാന്‍ഡര്‍ ദസന്‍, നായകന്‍ ഏയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍ എന്നിവരടങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയും ശക്തരാണ്. പൊതുവെ ബാറ്റര്‍മാരെ കൈയയച്ച് സഹായിക്കുന്ന വിക്കറ്റാണ് വാണ്ടറേഴ്‌സില്‍. അവസാനം നടന്ന നാല് കളിയില്‍ മൂന്നിലും ആദ്യം ബാറ്റ് ചെയ്തവര്‍ 300 റണ്‍സിലേറെ നേടിയിരുന്നു.