ക്രിക്കറ്റ് ഇന്ത്യൻ ജനതയുടെ വികാരമായി മാറിയിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടു കഴിഞ്ഞു.12 വർഷത്തിന് ശേഷം ഇന്ത്യൻ സ്റ്റേഡിയങ്ങളിൽ ലോകകപ്പിന്റെ ആരവങ്ങൾ മുഴങ്ങി കൊണ്ടിരിക്കുകയാണ്, ഇനി ഒരു മത്സരം മാത്രം ആരാകും ലോക ചാമ്പ്യന്മാർ എന്ന് അറിയാൻ.
ഫൈനലിലേക്ക് ഓസ്‌ട്രേലിയയും ഇന്ത്യയും ടിക്കറ്റ്എടുത്തു കാത്തിരിക്കുകയാണ്. നവംബർ 19 ഞായറാഴ്ച ഇരുവരും ഏറ്റുമുട്ടും.ഇതിന്റെയെല്ലാം ആരംഭം 1983-ലായിരുന്നു, ലോകക്രിക്കറ്റിലെ ടീമുകൾ ഒന്നടങ്കം ഭയപ്പെട്ടിരുന്ന വെസ്റ്റ് ഇൻഡീസിനെ കീഴടക്കി അന്ന് കപിൽ ദേവ് ക്യാപ്റ്റനായ ഇന്ത്യൻ ടീം കിരീടം ഉയർത്തി.
അവിടെ നിന്നായിരുന്നു ഇന്ത്യയുടെ ക്രിക്കറ്റ് യുഗത്തിന്റെ സ്റ്റാർട്ടിങ് പോയിന്റ്.ശബ്ദത്തിലൂടെയായിരുന്നു ഇന്ത്യൻ ജനത 1983-ലെ ലോകകപ്പ് അനുഭവിച്ചത്.
പക്ഷെ അധികനാൾ കാത്തിരിക്കേണ്ടി വന്നില്ല ലോകകപ്പ് അനുഭവം നേരിട്ടറിയാൻ. 1987-ൽ അത് സംഭവിച്ചു. പക്ഷേ, ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ സ്വപ്നങ്ങൾക്ക് അന്ന് ചിറകേകിയത് ധീരുഭായ് അംബാനിയായിരുന്നു.
1983 വരേയുള്ള ലോകകപ്പുകളുടെ ആതിഥേയ അവകാശം ഇംഗ്‌ളണ്ടിനായിരുന്നു. എന്നാൽ 1987-ൽ ആതിഥേയ അവകാശത്തിനായി പാകിസ്താനും ശ്രീലങ്കയ്ക്കുമൊപ്പം ഇന്ത്യയും രംഗത്തെത്തി. ഇംഗ്ലണ്ടിനേക്കാൾ അഞ്ച് മടങ്ങ് പണം വാഗ്ദാനം ചെയ്തായിരുന്നു നീക്കം.
നീക്കം പരാചയപെട്ടില്ല, ആതിഥേയ അവകാശം ഇന്ത്യയ്ക്ക് ലഭിക്കുകയും ചെയ്തു. പക്ഷെ ഇന്ത്യയിലെ മൈതാനങ്ങളിലേക്ക് ലോകകപ്പ് എത്തിക്കാൻ മാത്രം സാമ്പത്തിക ശേഷി അന്നത്തെ ക്രിക്കറ്റ് ബോർഡിനുണ്ടായിരുന്നില്ല.
ആതിഥേയ അവകാശം നേടിയിട്ടും തങ്ങളുടെ വിഹിതം നൽകാൻ ബോർഡിന് സാധിച്ചില്ല, സ്പോൺസർമാരെ സമീപിച്ചിട്ടും കാര്യങ്ങൾക്ക് മാറ്റമുണ്ടായില്ല.
ക്രിക്കറ്റ് ബോർഡ് പ്രതിസന്ധിയിൽ തുടർന്നപ്പോഴാണ് ഇന്ത്യയ്ക്ക് താങ്ങായി ധീരുഭായ് അംബാനി പ്രത്യക്ഷപെടുന്നത്ത്. ടൂർണമെന്റ് സ്പോൺസർ ചെയ്യാൻ അദ്ദേഹം തയ്യറാകുകയും ചെയ്‌തു. 1987 ലോകകപ്പിനെക്കുറിച്ച് ഗൂഗിളിൽ ഉൾപ്പടെ തിരയുമ്പോൾ റിലയൻസ് കപ്പെന്നാണ് കാണാനാകുക.
ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ സെമി ഫൈനൽ നിരാശകളുടെ തുടക്കം 1987-ലായിരുന്നു. ഇംഗ്ലണ്ടായിരുന്നു അന്ന് ഇന്ത്യയുടെ എതിരാളികൾ. ഓപ്പണർ ഗ്രഹാം ഗൂച്ചിന്റെ സെഞ്ച്വറിയുടെ മികവിൽ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 254 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിൽ 219 റൺസിൽ ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു. മറുപടി ബാറ്റിങ്ങിൽ മുഹമ്മദ് അസ്ഹറൂദീന്റെ അർദ്ധ സെഞ്ചുറി മാറ്റി നിർത്തിയാൽ ഇന്ത്യൻ ബാറ്റർമാരുടെ ഭാഗത്തു നിന്ന് കാര്യമായ ശ്രമം ഉണ്ടായില്ല.
ഫൈനലിൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയുമായിരുന്നു നേർക്കുനേർ വന്നത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 254 റൺസ് വിജയലക്ഷ്യമാണ് ഉയർത്തിയത്. പക്ഷെ ഏഴ് റൺസ് അകലെ ഇംഗ്ലണ്ട് വീണു. ഓസ്ട്രേലിയയുടെ ആദ്യ ലോകകിരീടം കൂടിയായിരുന്നു ഇത്.
1987-ന് ശേഷം 1996-ലാണ് ഇന്ത്യയിലേക്ക് ലോകകപ്പ് എത്തുന്നത്. ഇന്ത്യയ്ക്കൊപ്പം പാകിസ്താനും ശ്രീലങ്കയും ചേർന്നാണ് ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. ശ്രീലങ്കയായിരുന്നു ടൂർണമെന്റിലെ ജേതാക്കൾ.
2011-ൽ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലായായിരുന്നു ടൂർണമെന്റ്. 28 വർഷത്തെ ലോകകപ്പ് വരൾച്ച അവസാനിപ്പിച്ച് അന്ന് ഇന്ത്യ ധോണിയുടെ നേതൃത്വത്തിൽ കിരീടമുയർത്തി. ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ കീഴ്പെടുത്തിയാണ് കപ്പ് നേടിയത്ത്.
ഇന്ത്യ പൂർണമായി ഒരു ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഇത്തവണയാണ്. ടൂർണമെന്റിൽ ഒരു തോൽവി പോലും അറിയാതെയാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചിരിക്കുന്നത്.