മുംബൈ: സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ടീം ഇന്ത്യ ജനുവരിയില്‍ വീണ്ടുമൊരു കടുപ്പമേറിയ റെഡ് ബോള്‍ പരമ്പര കളിക്കാനൊരുങ്ങുകയാണ്. കരുത്തരായ ഇംഗ്ലണ്ടുമായി നാട്ടില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യ കൊമ്പുകോര്‍ക്കുക. ജനുവരി 25 മുതല്‍ ഹൈദരാബാദിലാണ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം സീസണില്‍ ഇന്ത്യയുടെ മൂന്നാമത്തെ പരമ്പര കൂടിയാണിത്.
ബാസ്‌ബോള്‍ ക്രിക്കറ്റിന്റെ വക്താക്കളായ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര ഇന്ത്യക്കു കനത്ത വെല്ലുവിളിയുയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരമ്പര നാട്ടിലാണെന്നതു ഇന്ത്യക്കു അനുകൂലമാണെങ്കിലും ഇംഗ്ലണ്ടിനെ വീഴ്ത്തുക എളുപ്പമാവില്ലെന്നുറപ്പാണ്. ചില താരങ്ങള്‍ ഈ പരമ്പരയിലൂടെ ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറാന്‍ സാധ്യതയുണ്ട്.
യുവ ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദാണ് ഇംഗ്ലണ്ടിനെതിരേ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അരങ്ങേറാനിടയുള്ള ആദ്യത്തെയാള്‍. മികച്ച ബാറ്റിങ് ടെക്‌നിക്കുള്ള അദ്ദേഹത്തിനു ടെസ്റ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ വര്‍ഷം ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ റുതുരാജ് ടെസ്റ്റ് ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല.
ഇപ്പോള്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയിലും റുതുരാജ് ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ പരിക്കു കാരണം പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വരികയായിരുന്നു. നിലവില്‍ ടി20, ഏകദിന എന്നിവയില്‍ ഇന്ത്യക്കായി കളിച്ചുകഴിഞ്ഞ അദ്ദേഹം തീര്‍ച്ചായും ടെസ്റ്റിലും സ്ഥാനമര്‍ഹിക്കുന്നുണ്ട്.
ഓസ്‌ട്രേിയക്കെതിരേ അടുത്തിടെ കഴിഞ്ഞ ടി20 പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ താരം മുന്നിലെത്തിയിരുന്നു. കന്നി ടി20 സെഞ്ച്വറിയും റുതുരാജ് പരമ്പരയില്‍ കുറിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനു ടെസ്റ്റില്‍ തിളങ്ങാന്‍ കഴിയാതെ പോവുന്ന സാഹചര്യത്തില്‍ പകരം റുതുരാജിനു പ്ലെയിങ് ഇലവനിലേക്കു വിളിയെത്തിയേക്കും.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തി ദേശീയ ടീമിന്റെ പടിവാതില്‍ക്കെ എത്തി നില്‍ക്കുന്ന താരമാണ് സര്‍ഫറാസ്. പക്ഷെ ഇതുവരെ ഇന്ത്യന്‍ ടീമിലേക്കു 28 കാരനെ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ തയ്യാറായിട്ടില്ല. ഇംഗ്ലണ്ടിനെതിരേയെങ്കിലും ഇതില്‍ മാറ്റമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.