കൊല്‍ക്കത്ത: ലോകകപ്പ് സെമി ഫൈനലിലെ അവസാന സ്ഥാനം കൈക്കലാക്കാൻ ന്യൂസിലന്‍ഡും അഫ്ഗാനിസ്ഥാനും മത്സരിക്കുകയാണ്. സെമിയില്‍ ആർത്തിയാലും ഇന്ത്യയോട് പൊരുതേണ്ടി വരും.
വ്യാഴഴ്ച നടക്കുന്ന പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയെയും വെള്ളിയാഴ്ച ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെയും 11ന് പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെയും നേരിടുന്നതോടെ ഇന്ത്യയുടെ സെമി എതിരാളികളെ അറിയാം.
ഇങ്ങനെയെല്ലാം ഇരിക്കെ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി സെമിയില്‍ ഇന്ത്യയുടെ എതിരാളികളായി പാകിസ്ഥാന്‍ തന്നെ വരണമെന്ന് തുറന്നു പറയുകയാണ്. കാരണം, പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികളെങ്കില്‍ ഇന്ത്യ-പാക് സെമിഫൈനൽ മത്സരം കൊൽക്കത്തയിലേക്ക് മറ്റും. മുൻപേ നിശ്ചയിച്ചതനുസരിച്ച് ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മിൽ മുംബൈ വാംഖഡേ സ്റ്റേഡിയത്തിലാണ് സെമി കളിക്കേണ്ടത്.
എന്നാല്‍ സുരക്ഷാപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുംബൈയില്‍ കളിക്കാനാവില്ലെന്ന് പാകിസ്ഥാന്‍ ലോകകപ്പിന് മുൻപേ അറിയിച്ചിരുന്നു. ഇന്ത്യ-പാക് സെമി ഫൈനല്‍ വന്നാല്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലായിരിക്കും ഇന്ത്യ സെമി കളിക്കേണ്ടിവരിക.
ഇന്ത്യയും പാകിസ്ഥാനും ഈഡന്‍ ഗാര്‍ഡന്‍സില്‍ സെമിയില്‍ ഏറ്റുമുട്ടിയാല്‍ ലോകകപ്പില്‍ അതിനെക്കാള്‍ വലിയൊരു പോരാട്ടമുണ്ടാകില്ലെന്ന് ഗാംഗുലി സ്പോര്‍ട്സ് ടോക്കിനോട് പറഞ്ഞു. ഇന്ത്യ-പാക് സെമിയെങ്കില്‍ മത്സരം കാണാന്‍ കാണികള്‍ ഈഡനിലേക്ക് ഇരച്ചെത്തുമെന്നും മുന്‍ ബിസിസിഐ പ്രസിഡന്‍റ് കൂടിയായ ഗാംഗുലി വ്യക്തമാക്കി.
കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം കാണാന്‍ 70000ത്തോളം ആരാധകരാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ എത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോലിയുടെ സെഞ്ചുറി കരുത്തില്‍ 326 റണ്‍സടിച്ചപ്പള്‍ ദക്ഷിണാഫ്രിക്ക 82 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. കൊല്‍ക്കത്തയിലെ സ്ലോ പിച്ചില്‍ ടോസും നിര്‍ണായകമാകും.