പൂനെ: ശ്രീലങ്കക്കെതിരായ ട്വിന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുന്ന കാര്യം സംശയത്തില്‍. മുംബൈയില്‍ നടന്ന ആദ്യ ട്വിന്റി20യില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റതിനെ തുടര്‍ന്നാണ് രണ്ടാം ട്വിന്റി20യില്‍ താരത്തിന്റെ പങ്കാളിത്തം അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്.
ഫീല്‍ഡിംഗിനിടെ സഞ്ജുവിന്റെ കാല്‍മുട്ടിനാണ് പരിക്കേറ്റത്. രണ്ടാം ട്വിന്റി20ക്കായി പൂനെയിലേക്ക് പോയ ഇന്ത്യന്‍ സംഘത്തിനൊപ്പം സഞ്ജു ഇല്ലെന്നാണ് റിപ്പോര്‍ട്ട്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. സിക്‌സടിക്കാനുള്ള ശ്രമത്തില്‍ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട സഞ്ജു വീണ്ടും കൂറ്റനടിക്കുളള ശ്രമത്തില്‍ ധനഞ്ജയ ഡിസില്‍വക്ക് ക്യാച്ച് നല്‍കി മടങ്ങി. ആറ് പന്തില്‍ അഞ്ച് റണ്‍സെ സഞ്ജുവിന് നേടാനായിരുന്നുള്ളു.
ശ്രീലങ്കന്‍ ബാറ്റിംഗിനിടെ ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറില്‍ പാതും നിസങ്ക നല്‍കിയ ക്യാച്ച് സഞ്ജു കൈവിടുകയും ചെയ്തു. ക്യാച്ച് കയ്യിലൊതുക്കിയശേഷം ഡൈവ് ചെയ്യുമ്പോഴാണ് സഞ്ജുവിന്റെ കയ്യില്‍ നിന്ന് പന്ത് വഴുതി പോയത്. ഈ വീഴ്ചയിലാണ് സഞ്ജുവിന്റെ കാല്‍മുട്ടിന് പരിക്കേറ്റത്. ഫീല്‍ഡിംഗ് തുടര്‍ന്ന സഞ്ജു പിന്നീട് രണ്ട് തകര്‍പ്പന്‍ ക്യാച്ചുകളെടുത്തിരുന്നു.
എന്നാല്‍ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ സ്ലൈഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സഞ്ജുവിന്റെ കാല്‍ ഗ്രൗണ്ടിലെ പുല്ലില്‍ ഇടിച്ചിരുന്നു. മത്സരശേഷം നടത്തിയ പരിശോധനയില്‍ കാല്‍മുട്ടില്‍ നീരുവന്നതിനാല്‍ സഞ്ജു മെഡിക്കല്‍ സഹായം തേടി. കാല്‍മുട്ടില്‍ പൊട്ടലുണ്ടോ എന്നറിയാന്‍ സ്‌കാനിംഗിന് വിധേയനാവേണ്ടതിനാലാണ് സഞ്ജു ഇന്ത്യന്‍ ടീമിനൊപ്പം രണ്ടാം ട്വിന്റി20ക്കായി പൂനെയിലേക്ക് പോവാതിരുന്നത്.