ലോകകപ്പ് ക്രിക്കറ്റ് വേളയിൽ ഇന്ത്യൻ ആരാധകർ കാണിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം പറഞ്ഞു. തന്റെ ടീമിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കണമെന്ന ഉദ്ദേശത്തോടെ ബാബർ ഈ വർഷം സെപ്റ്റംബറിൽ ഇന്ത്യയിലെത്തി. എന്നിരുന്നാലും ലോകകപ്പിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കാൻ അവർക്ക് സാധിച്ചില്ല, പെട്ടന്ന് തന്നെ ലോകകപ്പിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
എട്ട് മത്സരങ്ങളിൽ നിന്ന് നാല് അർധസെഞ്ചുറികളുടെ സഹായത്തോടെ 282 റൺസ് മാത്രമാണ് ബാബർ നേടിയത്. എന്നിരുന്നാലും, അദ്ദേഹം ആഗ്രഹിച്ചതുപോലെ ടീമിനെ പ്രചോദിപ്പിക്കാൻ കഴിഞ്ഞില്ല. ഇന്ത്യൻ ആരാധകരിൽ നിന്ന് പാകിസ്ഥാൻ ടീമിന് വളരെയധികം സ്‌നേഹവും പിന്തുണയും ലഭിച്ചിട്ടുണ്ടെന്ന് ബാബർ വ്യക്തമാക്കി.
"സത്യം പറഞ്ഞാൽ - എനിക്ക് ഇന്ത്യയിൽ നിന്ന് ധാരാളം സ്നേഹവും പിന്തുണയും ലഭിച്ചു. എനിക്ക് മാത്രമല്ല, മുഴുവൻ ടീമീനും. തീർച്ചയായും, എനിക്ക് ഒരു മികച്ച ഫിനിഷിംഗ് നേടാൻ കഴിഞ്ഞില്ല. ബാറ്റിംഗിൽ മികച്ച ഫിനിഷിംഗ് നേടുകയായിരുന്നു എന്റെ ലക്ഷ്യം.
50-ഓ 100-ഓ സ്‌കോർ ചെയ്യുക എന്ന ലക്ഷ്യമൊന്നും എനിക്കുണ്ടായിരുന്നില്ല. ടീമിന്റെ വിജയമായിരുന്നു പ്രധാനം. സാഹചര്യത്തിനനുസരിച്ച് ഞാൻ വേഗത്തിലും പതുക്കെയും കളിച്ചു". ബാബർ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിന് മുൻപുള്ള പ്രസ് കോൺഫെറൻസിൽ പറഞ്ഞു.