മെല്‍ബണ്‍: തന്റെ കരിയറിലെ അവസാന ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റില്‍ കളത്തിലിറങ്ങുന്ന സാനിയക്ക് ഇനി നേട്ടത്തിനായി ഒരു മത്സരത്തിന്റെ ദൂരം മാത്രം ബാക്കി.
സീഡ് ചെയ്യപ്പെടാത്ത ഇന്ത്യന്‍ സഖ്യം മൂന്നാം സീഡ് ഡെസിറെ ക്രാവ്‌സിക് - നീല്‍ സ്‌കുപ്‌സ്‌കി സഖ്യത്തെ ഒരു മണിക്കൂറും 52 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തില്‍ 7-6, 6-7. 10-6 സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ഫൈനലില്‍ പ്രവേശിച്ചത്.
അത്ഭുതകരമായ ഒരു മത്സരമായിരുന്നെന്ന് മത്സരശേഷം സാനിയ പ്രതികരിച്ചു. ഒരുപാട് പിരിമുറുക്കങ്ങളുണ്ടായിരുന്നു. ഇത് എന്റെ അവസാന ഗ്രാന്‍ഡ് സാം ടൂര്‍ണമെന്റാണ്. രോഹനൊപ്പം കളിക്കുന്നത് വളരെ പ്രത്യേകതയുള്ളതാണ്. എനിക്ക് 14 വയസ്സുള്ളപ്പോള്‍ അവന്‍ എന്റെ ആദ്യത്തെ മിക്‌സഡ് ഡബിള്‍സ് പങ്കാളിയായിരുന്നു. ഇന്ന് എനിക്ക് 36 വയസ്സും അവന് 42 വയസ്സും. ഞങ്ങള്‍ ഇപ്പോഴും കളിക്കുന്നുണ്ട്. ഞങ്ങള്‍ തമ്മില്‍ ഉറച്ച ബന്ധമാണുള്ളതെന്നും സാനിയ പറഞ്ഞു.
ഞാന്‍ കരയുന്ന ആളല്ല, പക്ഷേ ഞാന്‍ ഇപ്പോള്‍ ഏതാണ്ട് ആ അവസ്ഥയിലാണ്. കഴിഞ്ഞ 18 വര്‍ഷമായി ഞാന്‍ ഇവിടെ വരുന്നതിന്റെ സ്‌നേഹം അനുഭവപ്പെടുന്നു. ഇത് എനിക്ക് വീടാണെന്ന് തോന്നുന്നു. ഇവിടെ എനിക്ക് ഒരു കുടുംബമുണ്ട്. ഞാന്‍ വീട്ടില്‍ ഭക്ഷണം കഴിക്കുന്നു. ഒരുപാട് ഇന്ത്യക്കാര്‍ എന്നെ പിന്തുണയ്ക്കുന്നുവെന്നും സാനിയ പറഞ്ഞു.
2009ല്‍ മഹേഷ് ഭൂപതിക്കൊപ്പമായിരുന്നു സാനിയ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കന്നി മിക്‌സഡ് ഡബിള്‍സ് ഗ്രാന്‍ഡ് സ്ലാം കരസ്ഥമാക്കിയത്. പിന്നീട് 2016ല്‍ മെല്‍ബണ്‍ പാര്‍ക്കില്‍ സ്വിസ് താരം മാര്‍ട്ടിന ഹിംഗിസിനൊപ്പം വനിതാ ഡബിള്‍സ് കിരീടം നേടിയിരുന്നു.