കണങ്കാലിന് പരിക്കേറ്റ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് ഇന്ത്യയുടെ അടുത്ത രണ്ട് ലോകകപ്പ് മത്സരങ്ങൾ നഷ്ടമായേക്കും. നവംബർ 2 ന് മുംബൈയിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും, നവംബർ 5-ന് കൊൽക്കത്തയിൽ ദക്ഷിണാഫ്രിക്കയെയും പാണ്ഡ്യയ്ക്ക് ഈ രണ്ട് ഗെയിമുകളും നഷ്ടമാകാനാണ് സാധ്യത.
കണങ്കാലിന് ഉളുക്കാണോ അല്ലെങ്കിൽ ലിഗമെന്റിന് പരിക്കേറ്റതാണോ എന്ന് സംശയിക്കുന്നു, എന്നാൽ പരിക്കിന്റെ വ്യാപ്തിയെ കുറിച്ച് ഇതുവരെ സ്ഥിരീകരണമൊന്നും കിട്ടിയിട്ടില്ല.
ഇത് ഗ്രേഡ് 1 പരിക്ക് വിഭാഗത്തിൽ പെട്ടേക്കാം,"ചെറിയ നീറ്റലും ലിഗമെന്റിന്റെ നാരുകൾക്ക് ചില കേടുപാടുകളും വരുത്തുന്നു". ഒക്‌ടോബർ 19 ന് പുണെയിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ തന്റെ 9-ാം ഓവറിൽ ബൗൾ ചെയ്യുന്നതിനിടെ കാൽ വഴുതി വീണാണ് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്. ഒക്‌ടോബർ 22 ന് ധർമശാലയിൽ വച്ച് നടന്ന ന്യൂസിലൻഡിനെതിരായ മത്സരവും പരിക്ക് കാരണം അദ്ദേഹത്തിന് നഷ്‌ടമായി.
"ഹാർദിക് ഇപ്പോഴും ചികിത്സയിലാണ്. ഇടത് കണങ്കാലിലെ വീക്കം കുറഞ്ഞെങ്കിലും, വാരാന്ത്യത്തിൽ മാത്രമേ അദ്ദേഹം ബൗൾ ചെയ്യാൻ തുടങ്ങുകയുള്ളൂ. ഇപ്പോൾ, സുഖം പ്രാപിക്കാൻ സമയം നൽകുക എന്നതാണ് പ്രധാന കാര്യം,"എൻസിഎ (ദേശീയ ക്രിക്കറ്റ് അക്കാദമി) വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.
ഇതുവരെയുള്ള അഞ്ച് മത്സരങ്ങളും ജയിച്ച് ഇന്ത്യ സെമിഫൈനലിലെത്താൻ തയ്യാറെടുക്കുന്നതിനാൽ, അടുത്ത രണ്ട് മത്സരങ്ങളിൽ പാണ്ഡ്യയ്ക്ക് എളുപ്പത്തിൽ വിശ്രമിക്കാം, ഇത് നോക്കൗട്ടിന് മുമ്പ് പാണ്ഡ്യയ്ക്ക് പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും.
പാണ്ഡ്യയുടെ അഭാവം കാരണം ന്യൂസിലൻഡിനെതിരായ പ്ലേയിംഗ് ഇലവനിൽ സൂര്യകുമാർ യാദവിനും മുഹമ്മദ് ഷമിക്കും ഇടം നൽകിയിരുന്നു. ടൂർണമെന്റിലെ തന്റെ ആദ്യ ഗെയിമിൽ ഷമി തിളങ്ങിയിരുന്നു, ചിലപ്പോൾ വരാനിരിക്കുന്ന മത്സരത്തിൽ രവിചന്ദ്രൻ അശ്വിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ, അശ്വിൻ 8-ാം നമ്പറിൽ വരുന്നതോടെ ബാറ്റിംഗും ശക്തിപ്പെടുത്തും.