അസാദ്ധ്യ ശ്രമം, സെന്‍സേഷണല്‍ ടാലന്റ്... റിങ്കുവിന് ഗംഭീറിന്റെ ഗംഭീര ട്വീറ്റ്!

റിങ്കുവിന്റെ പ്രകടനത്തില്‍ താന്‍ വ്യക്തിപരമായി സന്തോഷവാനാണ്. ക്രിക്കറ്റ് മൈതാനത്ത് ഒരു താരത്തിന് എന്തുചെയ്യാനാകുമെന്ന് റിങ്കു തെളിയിച്ചെന്ന് കെകെആര്‍ ക്യാപ്റ്റന്‍ നിതീഷ് റാണ പ്രതികരിച്ചു.

author-image
Web Desk
New Update
അസാദ്ധ്യ ശ്രമം, സെന്‍സേഷണല്‍ ടാലന്റ്... റിങ്കുവിന് ഗംഭീറിന്റെ ഗംഭീര ട്വീറ്റ്!

ന്യൂഡല്‍ഹി: ഐപിഎല്‍ പതിനാറാം സീസണില്‍ പ്ലേ ഓഫിലെത്തുന്ന മൂന്നാം ടീമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്്‌സ്. കൊല്‍ക്കത്ത നൈറ്റ് റൈസേഴ്‌സിനെ ഒരു റണ്‍സിന് തോല്‍പിച്ചാണ് ലഖ്‌നൗവിന്റെ മുന്നേറ്റം.

177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കെകെആര്‍ ഗംഭീര തുടക്കത്തിന് ശേഷം പതറിയപ്പോള്‍ റിങ്കു സിംഗിന്റെ അവസാന ഓവറുകളിലെ വെടിക്കെട്ട് ടീമിനെ അനിവാര്യമായ ജയത്തിലേക്ക് നയിച്ചില്ല. ഇതോടെ ലഖ്‌നൗ അവിശ്വസനീയമായി പ്ലേ ഓഫ് ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു.

മറുപടി ബാറ്റിംഗില്‍ ജേസന്‍ റോയിയും വെങ്കടേഷ് അയ്യരും കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കം നല്‍കിയിരുന്നു. ആദ്യ വിക്കറ്റില്‍ 5.5 ഓവറില്‍ 61 റണ്‍സ് പിറന്നു. വെങ്കടേഷ് 15 പന്തില്‍ 24 ഉം, റോയി 28 ബോളില്‍ 45 ഉം റണ്‍സെടുത്തു. നായകന്‍ നിതീഷ് റാണയ്ക്ക്(10 പന്തില്‍ 8) തിളങ്ങാനായില്ല. റഹ്‌മാനുള്ള ഗുര്‍ബാസും റിങ്കു സിംഗും ചേര്‍ന്ന് 13-ാം ഓവറില്‍ ടീമിനെ 100 കടത്തി.

പിന്നാലെ റഹ്‌മാനുള്ളയെ (15 പന്തില്‍ 10) യഷ് താക്കൂര്‍ പറഞ്ഞയച്ചു. അവസാന മൂന്നോവറില്‍ കെകെആറിന് ജയിക്കാന്‍ 51 വേണമെന്നായി. പിന്നാലെ ഷര്‍ദ്ദുലിനെ(7 പന്തില്‍ 3) യഷ് മടക്കി. 2 പന്തില്‍ ഒരു റണ്ണെടുത്ത സുനില്‍ നരെയ്ന്‍ റണ്ണൗട്ടായി. ഇതിന് ശേഷം 19-ാം ഓവറില്‍ നവീന്‍ ഉള്‍ ഹഖിനെ 20 റണ്ണടിച്ച് റിങ്കു സിംഗ് മത്സരം ആവേശമാക്കി. എന്നാല്‍ അവസാന രണ്ട് പന്തില്‍ വേണ്ടിയിരുന്ന രണ്ട് സിക്‌സര്‍ നേടാന്‍ റിങ്കു സിംഗിനായില്ല.

റിങ്കുവിന്റെ ഷോട്ട് ഓരോ ഫോറിലും സിക്‌സിലും അവസാനിച്ചു. എങ്കിലും കളിയിലെ താരമായി റിങ്കു മാറുകയായിരുന്നു. ഗ്രൗണ്ടിലിറങ്ങി ഗൗതം ഗംഭീര്‍ റിങ്കുവുമായി സംസാരിച്ചു. ഈ ചിത്രം ഉള്‍പ്പെടെ പങ്കുവച്ചാണ് ഗംഭീര്‍ ട്വീറ്റ് ചെയ്തത്. അസാദ്ധ്യമായ ശ്രമം, സെന്‍സേഷണല്‍ ടാലന്റ് എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ട്വീറ്റ് വന്ന് നിമിഷങ്ങള്‍ക്കകം വൈറലാവുകയും ചെയ്തു. നിരവധി താരങ്ങളും ക്രിക്കറ്റ് ആരാധകരും ട്വീറ്റിന് പിന്നാലെ കമന്റുമായി എത്തി.

റിങ്കുവിന്റെ പ്രകടനത്തില്‍ താന്‍ വ്യക്തിപരമായി സന്തോഷവാനാണ്. ക്രിക്കറ്റ് മൈതാനത്ത് ഒരു താരത്തിന് എന്തുചെയ്യാനാകുമെന്ന് റിങ്കു തെളിയിച്ചെന്ന് കെകെആര്‍ ക്യാപ്റ്റന്‍ നിതീഷ് റാണ പ്രതികരിച്ചു. റിങ്കു ഉള്ളപ്പോള്‍ എതിര്‍ടീമിന് ജയം എളുപ്പം സാദ്ധ്യമാകില്ല. അദ്ദേഹത്തിന്റെ പ്രകടനം തങ്ങളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയെന്ന് എല്‍എസ്ജി നായകന്‍ ക്രുനാല്‍ പാണ്ഡ്യയും പറഞ്ഞു.

 

cricket IPL 2023 rinku singh Gautam Gambhir tweet