ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്‌ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലി ആശംസയും ഉപഹാരവും കൈമാറി. ഋഷി സുനക്, ഭാര്യ അക്ഷത മൂർത്തി എന്നിവരുമായി ഞായറാഴ്ചയായിരുന്നു മന്ത്രി ജയശങ്കർ കൂടിക്കാഴ്ച നടത്തിയത്.
ജയശങ്കറിനൊപ്പമെത്തിയ ഭാര്യ ക്യോക്കോ ഋഷി സുനക്കിന് ഗണപതിയുടെ പ്രതിമയും ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഓട്ടോഗ്രാഫ് എഴുതിയ ക്രിക്കറ്റ് ബാറ്റും സമ്മാനിച്ചു. ചിത്രങ്ങൾ ജയശങ്കർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. 'ദീപാവലി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഋഷി സുനക്കിനെ വിളിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ ആശംസകൾ അദ്ദേഹത്തെ അറിയിച്ചു. ഇന്ത്യയും യു.കെയും തമ്മിലുള്ള ബന്ധം ശക്തമായി മുന്നോട്ട് പോവുകയാണ്. ബ്രിട്ടനിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും മാന്യമായ ആതിഥ്യത്തിനും നന്ദി' -ജയശങ്കർ എക്‌സിൽ കുറിച്ചു.
യു.കെ വിദേശകാര്യമന്ത്രി ജെയിംസ് ക്ലെവർലിയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചക്ക് വേണ്ടിയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി യു.കെയിലെത്തിയത്. ശനിയാഴ്ച ആരംഭിച്ച യു.കെ സന്ദർശനം നവംബർ 15ന് സമാപിക്കും. യാത്രാപരിപാടിയിൽ മറ്റ് നിരവധി പ്രമുഖരുമായുള്ള കൂടിക്കാഴ്ചകളും ഉൾപ്പെടുന്നുണ്ട്.