മുംബൈ: രഞ്ജിയില്‍ മുംബൈയ്ക്കായി മത്സരിച്ച് നിരവധി റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കിയിട്ടും ദേശീയ ടീമില്‍ ഇടംപിടിക്കാനാകാതെ ബാറ്റ്‌സ്മാന്‍ സര്‍ഫറാസ് ഖാന്‍.
രഞ്ജി ട്രോഫിയുടെ ഈ സീസണില്‍, സര്‍ഫറാസ് ഖാന്‍ ഇതുവരെ 6 മത്സരങ്ങളില്‍ നിന്ന് 556 റണ്‍സ് നേടിയിട്ടുണ്ട്, കൂടാതെ 92.66 ശരാശരിയില്‍ റണ്‍സ് നേടിയിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര ഹോം ഗ്രൗണ്ടില്‍ നടക്കുന്നതിനാല്‍ സര്‍ഫറാസിന് ടീം ഇന്ത്യയുടെ ബ്രഹ്‌മാസ്ത്രമാകും താനെന്ന് തെളിയിക്കാനാകുമായിരുന്നു.
എന്നാല്‍ മികച്ച ഫോമിലായിട്ടും സര്‍ഫറാസിന് നേരെ മുഖം തിരിക്കുകയാണ് ഇതുവരെ ദേശീയ സെലക്ഷന്‍ കമ്മിറ്റി ചെയ്തുവന്നിട്ടുള്ളത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ അവഗണിച്ചതിന് പിന്നാലെ സര്‍ഫറാസ് തന്റെ നിരാശ പ്രകടിപ്പിച്ചിരുന്നു.
ടീം പ്രഖ്യാപിച്ചപ്പോള്‍ എന്റെ പേര് ഇല്ലാതിരുന്നപ്പോള്‍ ഞാന്‍ വളരെ സങ്കടപ്പെട്ടു. ഈ ലോകത്ത് എന്റെ സ്ഥാനത്തുള്ള ആരാണെങ്കിലും ദുഃഖിതനാകുമായിരുന്നു, കാരണം ഞാന്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ തിരഞ്ഞെടുക്കപ്പെട്ടില്ല. ഞങ്ങള്‍ ഗുവാഹത്തിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ദിവസം മുഴുവന്‍ ഞാന്‍ സങ്കടപ്പെട്ടു. എന്താണ് ഇങ്ങനെ സംഭവിച്ചതെന്ന് ഞാന്‍ ചിന്തിച്ചു. എനിക്ക് വല്ലാത്ത ഏകാന്തത അനുഭവപ്പെട്ടു. ഞാന്‍ കരഞ്ഞു - സര്‍ഫറാസ് പറഞ്ഞു.
ശ്രേയസ് അയ്യര്‍ പരിക്ക് മൂലം പുറത്തായതിനാല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ മധ്യനിരയില്‍ ഒരു സ്ഥാനം സര്‍ഫറാസിന് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി മുഖം തിരിക്കുകയാണ് ചെയ്തത്.
തുടര്‍ന്ന് ഗവാസ്‌കര്‍ അടക്കം നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സര്‍ഫറാസിനെ പരിഗണിക്കാതെ മാറ്റിനിര്‍ത്തുന്ന ചേതന്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിക്കെതിരെ കടുത്ത പ്രതിഷേധവുമായി സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെ മുന്‍നിര താരങ്ങള്‍ രംഗത്തെത്തിയിരുന്നു. മൈതാനത്തിന് പുറത്തിറങ്ങിയല്ല സെഞ്ചുറികള്‍ അടിച്ചുകൂട്ടുന്നതെന്നും കളത്തില്‍ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് സര്‍ഫറാസ് എന്നും പറഞ്ഞ ഗവാസ്‌കര്‍ മെലിഞ്ഞ സുന്ദരന്‍ പയ്യന്മാരെ മാത്രമേ പറ്റൂ എങ്കില്‍ ഫാഷന്‍ ഷോയ്ക്ക് പോയി ആളെ എടുക്കാനും നിര്‍ദ്ദേശിച്ചിരുന്നു.
കഠിനാധ്വാനത്തിലാണ് തന്റെ ശ്രദ്ധയെന്നും പരമാവധി കഠിനമായി ജോലി ചെയ്യണമെന്നും മൈതാനത്ത് ജീവിക്കുന്ന ഒരാളാണ് താനെന്നും സര്‍ഫറാസ് പറയുന്നു. ഇത്രയും നാള്‍ ചെയ്തുകൊണ്ടിരുന്നത് ഇനിയും തുടരണം. ഒരുപാട് പരിശീലിക്കും. അതാണ് ഈ ഫോമിന് കാരണമെന്നും സര്‍ഫറാസ് പറയുന്നു.
അണ്‍ക്യാപ്പ്ഡ് താരമായ സര്‍ഫറാസ് ഖാന്‍, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ബാറ്റിംഗ് ശരാശരിയുടെ കാര്യത്തില്‍ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലി എന്നിവരെ പിന്നിലാക്കിക്കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ള താരമായ സച്ചിന്‍, 57.84 ബാറ്റിംഗ് ശരാശരിയില്‍ 25396 റണ്‍സാണ് നേടിയിട്ടുള്ളത്. 136 ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ പരിചയസമ്പത്തുള്ള കോഹ്‌ലി 50.08 ബാറ്റിംഗ് ശരാശരിയില്‍ 10368 റണ്‍സാണ് നേടിയിട്ടുള്ളത്. അതായത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ബാറ്റിംഗ് ശരാശരിയില്‍ കോഹ്‌ലിയേക്കാളും, സച്ചിനേക്കാളും ബഹുദൂരം മുന്നിലാണ് ഇരുപത്തിയഞ്ചുകാരനായ സര്‍ഫറാസ് ഖാന്‍. മഹാരാഷ്ട്രക്കെതിരായ രഞ്ജി മത്സരത്തില്‍ പനിയെ തുടര്‍ന്ന് സര്‍ഫറാസ് വിട്ടുനിന്നു