പന്ത് സ്റ്റേഡിയത്തിനു പുറത്തേക്ക് അടിച്ചുവിട്ട് കെ.എൽ. രാഹുൽ; ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ

പന്ത് സ്റ്റേഡിയത്തിനു പുറത്തേക്ക് അടിച്ചുവിട്ട് ഇന്ത്യൻ ടീം ക്യാപ്റ്റൻ കെ.എൽ. രാഹുൽ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിലാണ് രാഹുലിന്റെ അവിസ്മരണീയ പ്രകടനം .

author-image
Hiba
New Update
പന്ത് സ്റ്റേഡിയത്തിനു പുറത്തേക്ക് അടിച്ചുവിട്ട് കെ.എൽ. രാഹുൽ; ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ

ഇൻഡോർ : പന്ത് സ്റ്റേഡിയത്തിനു പുറത്തേക്ക് അടിച്ചുവിട്ട് ഇന്ത്യൻ ടീം ക്യാപ്റ്റൻ കെ.എൽ. രാഹുൽ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിലാണ് രാഹുലിന്റെ അവിസ്മരണീയ പ്രകടനം .

അർധ സെഞ്ചറിയുമായി തിളങ്ങിയ മത്സരത്തിലാണ് രാഹുലിന്റെ തകർപ്പൻ ഷോട്ട്. 38 പന്തുകൾ നേരിട്ട രാഹുൽ 52 റൺസെടുത്താണ് മത്സരത്തിൽ പുറത്തായത്. മൂന്നു വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

മത്സരത്തിന്റെ 35–ാം ഓവറില്‍ കാമറൂൺ ഗ്രീനിനെതിരെയായിരുന്നു ഇൻഡോറിലെ ഹോൾകർ സ്റ്റേഡിയത്തിനു പുറത്തെത്തിയ രാഹുലിന്റെ ഷോട്ട്. ഡീപ് മിഡ് വിക്കറ്റിനു മുകളിലൂടെയുള്ള രാഹുലിന്റെ സിക്സ് ആരാധകരെ ആവേശത്തിലാക്കി.ഇൻഡോറിലെ താരത്തിന്റെ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിൽ വൈറലാണ്.

രണ്ടു മത്സരങ്ങളും വിജയിച്ച ശേഷമാണ് രാഹുൽ ക്യാപ്റ്റൻ സ്ഥാനം രോഹിത് ശർമയ്ക്കു കൈമാറുന്നത്. ആദ്യ രണ്ടു കളികളിൽനിന്നു വിട്ടുനിന്ന ക്യാപ്റ്റൻ രോഹിത് ശർമ മൂന്നാം മത്സരത്തിൽ ഇറങ്ങുന്നുണ്ട്.

രോഹിത് ശർമ, വിരാട് കോലി എന്നിവർക്ക് ബിസിസിഐ ആദ്യ മത്സരങ്ങളിൽ വിശ്രമം അനുവദിക്കുകയായിരുന്നു. ആദ്യ ഏകദിനത്തിൽ 58 റൺസ് നേടി ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിക്കാൻ രാഹുലിനു സാധിച്ചു.

രണ്ടാം ഏകദിനത്തിൽ ഓസീസിനെ 99 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 400 റൺസ് വിജയലക്ഷ്യം മഴയെത്തുടർന്ന് 33 ഓവറിൽ 317 റൺസായി ചുരുക്കിയിരുന്നു. ഇതു പിന്തുടർന്ന ഓസ്ട്രേലിയ 28.2 ഓവറിൽ 217 റൺസിനു പുറത്തായി.

പരുക്കിനെ തുടർന്ന് മാസങ്ങളോളം ക്രിക്കറ്റിൽനിന്നു വിട്ടുനിന്ന കെ.എൽ. രാഹുൽ ഏഷ്യാകപ്പിലാണ് തിരിച്ചെത്തിയത്. ഫോം കണ്ടെത്തിയതോടെ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലും രാഹുൽ തിളങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

rahul odi cricket