ചെന്നൈ: ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ റണ്‍സടിച്ചു കൂട്ടിയിട്ടും മുംബൈ ബാറ്റ്‌സ്മാന്‍ സര്‍ഫറാസ് ഖാനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാത്തതിന്റെ കാരണം തുറന്നു പറഞ്ഞ് ഇന്ത്യന്‍ ടീം സെലക്ടറായ ശ്രീധരന്‍ ശരത്.
സര്‍ഫ്രാസ് തീര്‍ച്ചയായും സെലക്ടര്‍മാരുടെ റഡാറിലുള്ള കളിക്കാരനാണ്. അധികം വൈകാതെ അദ്ദേഹത്തിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുമെന്ന് ശ്രീധരന്‍ ശരത് സ്‌പോര്‍ട്‌സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഓരോ പരമ്പരക്കുമുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ ടീം കോംപോസിഷനും ടീമിന്റെ ബാലന്‍സുമാണ് പരിഗണിക്കുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ സര്‍ഫറാസിനെ ടീമിലെടുക്കാന്‍ കഴിയാതിരുന്നതെന്നും ശരത് പറയുന്നു.
ഇപ്പോഴത്തെ ടീമില്‍ സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും ചേതേശ്വര്‍ പൂജാരയുമെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. കോഹ്‌ലി ഇപ്പോഴും മാച്ച് വിന്നറാണ്. പൂജാരയാകട്ടെ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നു. അതുപോലെ ശ്രേയസ് അയ്യരും സ്ഥിരതയുള്ള കളിക്കാരനാണ്. ശുഭ്മാന്‍ ഗില്ലും കെ എല്‍ രാഹുലുമെല്ലാം പ്രതിഭാധനരായ കളിക്കാരാണെന്നും ശരത് വ്യക്തമാക്കി.
2020നുശേഷം ആഭ്യന്തര ക്രിക്കറ്റില്‍ ഒരു ട്രിപ്പിളും രണ്ട് ഡബിളും ഉള്‍പ്പെടെ 12 സെഞ്ചുറികളാണ് സര്‍ഫ്രാസ് അടിച്ചെടുത്തത്. 2020-21 രഞ്ജി സീസണില്‍ 154.66 ശരാശരിയില്‍ 938 റണ്‍സ് അടിച്ച സര്‍ഫറാസ് 2021-22 സീസണില്‍ 122.75 ശരാശരിയില്‍ 982 റണ്‍സ് നേടിയിരുന്നു. ഈ സീസണില്‍ മൂന്ന് സെഞ്ചുറികളാണ് മുംബൈ താരം നേടിയത്.