ഹാങ്ചൗ: വനിതകളുടെ 54 കിലോ വിഭാഗം ബോക്സിങ്ങിൽ പ്രീതി പവാറിനു വെങ്കല മെഡൽ. സെമിയിൽ ചൈനീസ് താരത്തോടാണ് പ്രീതി പരാചയപെട്ടത്. തുഴച്ചിലിൽ പുരുഷന്മാരുടെ 1000 മീറ്റർ ഡബിൾസിൽ അർജുൻ സിങ് – സുനില്‍ സിങ് സഖ്യം വെങ്കലം നേടി. വിവിധയിനങ്ങളിൽ ജയത്തോടെ ഇന്ത്യ അടുത്ത റൗണ്ടിലേക്ക് പ്രവേശനം ഉറപ്പിച്ചു. ബോക്സിങിൽ തായ്‍ലൻഡ് താരത്തെ തോൽപിച്ച ലവ്‌ലിന ബോർഗോഹെയ്ൻ ഫൈനലിലെത്തി. നാളെയാണ് ഫൈനൽ പോരാട്ടം.
കബഡിയിൽ ഇന്ത്യയുടെ പുരുഷ ടീം ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലദേശിനെതിരെ ആധികാരിക ജയം നേടിയാണ് പത്താംദിനം ആരംഭിച്ചത്. ഏഴുതവണ കബഡി ചാംപ്യന്മാരായ ഇന്ത്യ 55–18 എന്ന സ്കോറിനാണ് ബംഗ്ലദേശിനെ തകർത്തത്. നവീന്‍ കുമാർ ഗോയത്, അർജുൻ ദേശായി എന്നിവരുടെ പ്രകടനം ഇന്ത്യയുടെ ജയത്തിൽ നിർണായകമായി. 2018ലെ വെങ്കലമെഡൽ ജേതാക്കളാണ് ഇന്ത്യ. അതേസമയം, കഴിഞ്ഞ തവണത്തെ വെള്ളിമെഡൽ ജേതാക്കളായ ഇന്ത്യൻ വനിതാ കബഡി ടീം ചൈനീസ് തായ്പേയോട് സമനില വഴങ്ങി.
ബാഡ്മിന്റണിൽ എച്ച്.എസ്. പ്രണോയിയും പി.വി. സിന്ധുവും പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചു. കുമാരി ചന്ദ, ഹർമിലാൻ ബെയിൻസ് എന്നിവർ വനിതകളുടെ 800 മീറ്റർ ഫൈനലിൽ കടന്നു. പുരുഷന്മാരുടെ 4X400 മീറ്റർ റിലേയിലും ഇന്ത്യ ഫൈനൽ ഉറപ്പിച്ചു. അമ്പെയ്ത്തിൽ പുരുഷവിഭാഗത്തിൽ ഓജസ് പ്രവീൺ, അഭിഷേക് എന്നിവരും വനിതാവിഭാഗത്തിൽ ജ്യോതി സുരേഖ, അതിഥി എന്നിവരും ഫൈനലിൽ പ്രവേശിച്ചു. ക്രിക്കറ്റിൽ നേപ്പാളിനെ തോല്‍പിച്ച് ഇന്ത്യ സെമിയിൽ കടന്നു.