ഹാങ്ചോ :19-ാം ഏഷ്യൻ ഗെയിംസിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. ഇന്നലെ നടന്ന സെമി ഫൈനലിൽ ബംഗ്ലദേശിനെ 8 വിക്കറ്റിന് തകർത്ത് ഫൈനലിൽ കടന്നതോടെയാണ് ഇന്ത്യ മെഡൽ ഉറപ്പിച്ചത്. 25 ന് നടക്കുന്ന ഫൈനലിൽ ശ്രീലങ്കയാണ് ഇന്ത്യ നേരിടേണ്ടത് .
കഴിഞ്ഞ ദിവസം ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശിനെ 17.5 ഓവറിൽ 51 റൺസിനു പുറത്താക്കിയ ഇന്ത്യ, 8.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ക്യാപ്റ്റൻ സ്മൃതി മന്ഥനയെ (7) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ഷെഫാലി വർമ (17), ജമൈമ റോഡ്രിഗസ് (20 നോട്ടൗട്ട്) എന്നിവർ ഇന്ത്യയെ വിജയത്തിലെത്തിച്ചു. 4 ഓവറിൽ 17 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ പേസർ പൂജ വസ്ത്രാകറാണ് ബംഗ്ല ബാറ്റിങ്ങിന്റെ താളംതെറ്റിച്ചത്.
ബംഗ്ലദേശ് നിരയിൽ ക്യാപ്റ്റൻ നിഗർ സുൽത്താന (12) ഒഴികെ മറ്റാരും രണ്ടക്കം കടന്നില്ല. രണ്ടാം സെമിയിൽ പാക്കിസ്ഥാനെ 6 വിക്കറ്റിനു തോൽപിച്ചാണ് ശ്രീലങ്ക ഫൈനലിൽ കടന്നത്. മലയാളി താരം മിന്നു മണിക്ക് ഇക്കുറി ടീമിലിടം ലഭിച്ചില്ല.