കൊളംബോ∙ ഏഷ്യാ കപ്പ് ക്രിക്കറ്റിനിടെ ഇന്ത്യൻ ടീം ക്യാംപ് വിട്ട് മലയാളി താരം സഞ്ജു സാംസണ്‍. കെ.എൽ. രാഹുല്‍ ശ്രീലങ്കയിലെത്തി ടീമിനൊപ്പം ചേർന്നതോടെയാണ് സഞ്ജു സാംസണ്‍ നാട്ടിലേക്കു മടങ്ങിയത്.
17 അംഗ ഏഷ്യാ കപ്പ് സ്ക്വാഡിനൊപ്പം റിസർവ് താരമായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. രാഹുലിന്റെ പരുക്കിൽ ആശങ്കകൾ നിലനിൽക്കുന്നതുകൊണ്ടായിരുന്നു ബിസിസിഐയുടെ നീക്കം.
പരിശീലനത്തിനിടയിൽ വീണ്ടും പരുക്കേറ്റതിനാൽ രാഹുൽ ടീമിനൊപ്പം ശ്രീലങ്കയിലേക്കു പോയിരുന്നില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു രാഹുലിന്റെ പരിശീലനം. ഫിറ്റ്നസ് വീണ്ടെടുത്ത് താരം ശ്രീലങ്കയിലെത്തിയതോടെ സഞ്ജു മടങ്ങുകയായിരുന്നു. വിക്കറ്റ് കീപ്പറായി പരിശീലനം ആരംഭിച്ച രാഹുൽ പാക്കിസ്ഥാനെതിരായ സൂപ്പർ ഫോർ മത്സരത്തിൽ കളിക്കും.
ഗ്രൂപ്പ് ഘട്ടത്തിലെ പാക്കിസ്ഥാൻ, നേപ്പാൾ ടീമുകൾക്കെതിരായ മത്സരത്തിൽ രാഹുൽ കളിച്ചിരുന്നില്ല. ഇഷാൻ കിഷനായിരുന്നു ഈ കളികളിൽ ഇന്ത്യയുടെ കീപ്പർ. പാക്കിസ്ഥാനെതിരായി തിളങ്ങിയ ഇഷാനെ രാഹുലിന്റെ വരവോടെ ബിസിസിഐ പുറത്തിരുത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വിക്കറ്റ് കീപ്പറല്ലാതെ, ബാറ്ററായി മാത്രം ഇഷാൻ കിഷനെ പരിഗണിക്കാനും സാധ്യതയുണ്ട്. ഏകദിന ലോകകപ്പിനുള്ള ടീമിലും രാഹുലും ഇഷാൻ കിഷനുമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർമാർ.