മുംബൈ: ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു.
പരമ്പരാഗത വൈരികളായ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതോടെ ആരാധകര്‍ കാത്തിരുന്ന ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടം ഉറപ്പായി. മൂന്ന് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് ടൂര്‍ണമെന്റിലുണ്ടാവുക. ഇന്ത്യക്കും പാകിസ്ഥാനും പുറമെ ശ്രീലങ്കയും ഒന്നാം ഗ്രൂപ്പിലാണ്.
രണ്ടാം ഗ്രൂപ്പില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകള്‍ക്കൊപ്പം പ്രീമിയര്‍ കപ്പ് വിജയിക്കുന്ന ടീം കൂടി ഇടംപിടിക്കും. ഏകദിന ലോകകപ്പിന് മുന്നോടിയായി 50 ഓവര്‍ ഫോര്‍മാറ്റില്‍ നടക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബറിലാണ് അരങ്ങേറുക. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവന്‍ ജയ് ഷാ ആണ് 2023-24 സീസണിലെ ക്രിക്കറ്റ് കലണ്ടര്‍ പുറത്തുവിട്ടത്.
അതേസമയം വേദി സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. പാകിസ്ഥാനാണ് വേദിയായി ആദ്യം അറിയിച്ചിരുന്നതെങ്കിലും പാകിസ്ഥാനിലേക്ക് ടീമിനെ അയക്കില്ലെന്ന നിലപാടാണ് ജയ് ഷാ സ്വീകരിച്ചിരുന്നത്.