ഡൽഹി: ലോകകപ്പില്‍ ടൈം ഔട്ടിലൂടെ തന്നെ പുറത്താക്കിയ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസനെ രൂക്ഷമായി വിമര്‍ശിച്ച് ശ്രീലങ്കന്‍ താരം ഏയ്ഞ്ചലോ മാത്യൂസ്. ഷാക്കിബ് അല്‍ ഹസന്റെ ടൈം ഔട്ട് അപ്പീല്‍ ഞെട്ടിച്ചുവെന്നും വലിയ നാണക്കേടാണെന്നും മാത്യൂസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലായിരുന്നു. രണ്ട് മിനിറ്റിനുള്ളില്‍ തന്നെ ഒരുങ്ങി ക്രീസിലെത്തിയിരുന്നു. പക്ഷെ എന്‍റെ ഹെല്‍മെറ്റ് തകരാറിലായി.അതുകൊണ്ടാണ് ആദ്യ പന്ത് നേരിടാന്‍ താമസിച്ചത്. എനിക്കെതിരെ അപ്പീല്‍ ചെയ്യുമ്പോള്‍ ബംഗ്ലാദേശിന്‍റെ സാമാന്യബുദ്ധി എവിടെപ്പോയെന്ന് എനിക്കറിയില്ല. ഷാക്കിബും ബംഗ്ലാദേശും ചെയ്തത് നാണംകെട്ട പരിപാടിയായി പോയെന്നും മാത്യൂസ് പറഞ്ഞു.
ഈ നിലവാരത്തിലാണ് അവര്‍ ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആയിക്കോട്ടെ. മങ്കാദിംഗിനെക്കുറിച്ചോ ഫീല്‍ഡറെ തടസപ്പെടുത്തുന്നതിനെക്കുറിച്ചോ ഒന്നും ഞാന്‍ പറയുന്നില്ല. എന്തായാലും വലിയ നാണക്കേടാണെന്നും മാത്യൂസ് പറഞ്ഞു. മത്സരശേഷം ഇരു ടീം അംഗങ്ങളും പതിവുള്ള ഹസ്തദാനം നടത്തിയില്ല.
ഇതിനെക്കുറിച്ചും മാത്യൂസ് പ്രതികരിച്ചു. നമ്മളെ ബഹുമാനിക്കുന്നവരെയെ തിരിച്ച് ബഹുമാനിക്കേണ്ടതുള്ളൂവെന്നായിരുന്നു ഇതിനെക്കുറിച്ച് മാത്യൂസ് പറഞ്ഞത്. തിരിച്ച് ബഹുമാനിക്കുകയോ സാമാന്യബുദ്ധി ഉപയോഗിക്കുകയോ ചെയ്യാത്തവരെ എന്തിനാണ് ബഹുമാനിക്കുന്നത്. ഈ ദിവസം വരെ എനിക്ക് ഷാക്കിബിനോടും ബംഗ്ലാദേശ് ടീമിനോടും അങ്ങേയറ്റം ബഹുമാനം ഉണ്ടായിരുന്നു.