ഇന്‍ഡോര്‍: എക്കാലത്തേയും ഇതിഹാസ താരമായ കപില്‍ദേവിനു ശേഷം 500 വിക്കറ്റും 5000 റണ്‍സും നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറി രവീന്ദ്ര ജഡേജ. ബുധനാഴ്ച്ച ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ജഡേജ ടെസ്റ്റ്, ഏകദിനം, ട്വന്റി20 എന്നിങ്ങനെ 3 ഫോര്‍മാറ്റുകളിലുമായി 500 വിക്കറ്റ് എന്ന ലക്ഷ്യം നേടിയെടുത്തത്.
ഏകദിനത്തില്‍ 189 വിക്കറ്റുകളും ട്വന്റി20യില്‍ 51 വിക്കറ്റുകളും സ്വന്തമാക്കിയ ജഡേജ ടെസ്റ്റില്‍ ആകെ 263 വിക്കറ്റാണ് നേടിയിരുന്നത്. അതെ സമയം ടെസ്റ്റില്‍ 2619 റണ്‍സും ഏകദിനത്തില്‍ 2447 റണ്‍സും ട്വന്റി20യില്‍ 457 റണ്‍സും ജഡേജ സ്വന്തമാക്കി.
ആദ്യ ഓവറില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഭാഗ്യം തുണച്ചത് രണ്ടു തവണ. മിച്ചല്‍ സ്റ്റാര്‍ക് എറിഞ്ഞ ആദ്യ പന്ത് രോഹിത്തിന്റെ ബാറ്റില്‍ ഇരസിയാണ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കൈകളിലെത്തിയത്. തുടര്‍ന്ന് ഓസീസ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ ഔട്ട് അനുവദിച്ചില്ല. നാലാം പന്തില്‍ രോഹിത്തിനെതിരായ എല്‍ബിഡബ്ല്യു അപ്പീലും അംപയര്‍ അനുവദിച്ചില്ല. പാഡില്‍ പന്ത് ഉരസിയതായി പിന്നീട് റീപ്ലേകളില്‍ വ്യക്തമായി. എന്നാല്‍ ഈ 2 അവസരങ്ങളിലും ഓസീസ് റിവ്യൂ എടുത്തിരുന്നില്ല.