സൂറിച്ച്: 2034-ലെ ലോകകപ്പ് ഫുട്‌ബോളിന്റെ വേദി സൗദി അറേബ്യ. ആഗോള ഫുട്‌ബോൾ സംഘടനയായ ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സാമൂഹികമാധ്യമത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് ഈ അവസരം ലഭിച്ചത്. ഓസ്‌ട്രേലിയയും സൗദിയുമാണ് വേദിക്കായി രംഗത്തുണ്ടായിരുന്നത്.
‘മൂന്ന് ലോകകപ്പുകൾ, അഞ്ച് ഭൂഖണ്ഡങ്ങൾ, മത്സരവേദിയായി പത്ത് രാജ്യങ്ങൾ - ഫുട്‌ബോൾ ശരിക്കും ആഗോള കായികയിനമാകുന്നു’ -സൗദിക്ക് വേദി ഉറപ്പിച്ചുകൊണ്ട് ഇൻഫാന്റിനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
2026-ലെ ലോകകപ്പിന് അമേരിക്ക, കാനഡ, മെക്‌സിക്കോ രാജ്യങ്ങളാണ് വേദിയാകുന്നത്. 2030-ൽ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലും യൂറോപ്യൻ രാജ്യങ്ങളായ പോർച്ചുഗൽ, സ്‌പെയിൻ എന്നിവിടങ്ങളിലും നടക്കും.
തെക്കേഅമേരിക്കൻ രാജ്യങ്ങളായ യുറഗ്വായ്, പരഗ്വായ്, അർജന്റീന എന്നിവിടങ്ങളിൽ ഇതിന്റെ ഭാഗമായുള്ള പ്രദർശനമത്സരങ്ങളും നടക്കും. വേദികൾക്കായുള്ള നടപടിക്രമങ്ങൾക്ക് ഫിഫ കൗൺസിൽ അംഗീകാരം നൽകിയതായും ഇൻഫാന്റിനോ അറിയിച്ചു.